വാഹനങ്ങളുടെ രൂപമാറ്റത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിയമപരമായ അധികാരമില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വി.ശിവദാസന്റെ ചോദ്യങ്ങൾക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. 1988 ലെ മോട്ടർ വാഹന നിയമത്തിലെ സെക്‌ഷൻ 52 (1) പ്രകാരം, വാഹന നിർമാതാക്കൾ നിർമാണഘട്ടത്തിൽ വരുത്തിയ രീതിയിൽ മാറ്റങ്ങൾ വരുത്താൻ അനുവാദമില്ല. എന്നാൽ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചില മാറ്റങ്ങൾ വരുത്താം.
വരുത്താവുന്ന മാറ്റങ്ങൾ
∙ വ്യത്യസ്ത ഇന്ധനമോ ഊർജ സ്രോതസ്സോ ഉപയോഗിക്കുന്നതിനായി എൻജിനിലോ മറ്റ് ഭാഗങ്ങളിലോ മാറ്റങ്ങൾ വരുത്താം
∙ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാൻ
∙ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ
ഇത്തരം മാറ്റങ്ങൾ വാഹന നിർമാതാക്കളോ, അംഗീകൃത ഡീലർമാരോ, സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്‌ഷോപ്പുകളോ വഴി മാത്രമേ ചെയ്യാൻ പാടുള്ളൂ. കേന്ദ്ര സർക്കാരിന്റെ അംഗീകൃത ടെസ്റ്റിങ് ഏജൻസികൾ ഇത് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. വാഹനങ്ങളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് വാഹന ഉടമ റജിസ്റ്ററിങ് അതോറിറ്റിയിൽനിന്ന് പ്രത്യേക ഫോം വഴി മുൻകൂർ അനുമതി വാങ്ങണം. അനുമതി പത്രം ലഭിച്ച് 14 ദിവസത്തിനകം വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഈ മാറ്റങ്ങൾ രേഖപ്പെടുത്താനായി അപേക്ഷ സമർപ്പിക്കണം. വാഹന മാറ്റങ്ങൾ സംബന്ധിച്ച് സ്വന്തമായി മാനദണ്ഡങ്ങൾ രൂപീകരിക്കാൻ മോട്ടർ വാഹന നിയമത്തിലെ സെക്‌ഷൻ 52 പ്രകാരം സംസ്ഥാനങ്ങൾക്ക് അധികാരമില്ല. പൊതുജന സുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സെക്‌ഷൻ 112(2) പ്രകാരം സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.