Drisya TV | Malayalam News

ഇൻഡൊനീഷ്യയിൽ യാത്രാ കപ്പലിന് തീപ്പിടിച്ച് അഞ്ച് പേർ മരിച്ചു

 Web Desk    2 Aug 2026

ഇൻഡൊനീഷ്യയിൽ യാത്രാ കപ്പലിന് (ഫെറി) തീപ്പിടിച്ച് അഞ്ച് പേർ മരിച്ചു. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെൻസോസ- 2 എന്ന കപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തിൽ 41 പേരെ കാണാതായതായി രാജ്യത്തെ തിരച്ചിൽ-രക്ഷാ ഏജൻസി അറിയിച്ചു.

ഇൻഡൊനീഷ്യയിലെ മധുര ദ്വീപിന് സമീപം ഞായറാഴ്‌ച രാവിലെയാണ് ദുരന്തമുണ്ടായത്. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് പോവുകയായിരുന്നു കപ്പൽ. യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ക്യാപ്റ്റൻ തീപ്പിടിത്തവിവരം അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ കപ്പലുമായുള്ള ആശയവിനിമയം പൂർണമായും നിലച്ചു.

തീപ്പിടിത്തത്തിൽ കപ്പൽ ഏതാണ്ട് പൂർണമായും കത്തിയമർന്ന നിലയിലാണ്. കപ്പലിന്റെ മുകൾ ഭാഗങ്ങളിൽ നിന്ന് കറുത്ത പുക ഉയരുന്നതും ലൈഫ് ജാക്കറ്റുകൾ ധരിച്ച യാത്രക്കാർ ഒരു വശത്ത് തടിച്ചുകൂടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രക്ഷപ്പെടാനായി ചില യാത്രക്കാർ കടലിലേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്.

  • Share This Article
Drisya TV | Malayalam News