Drisya TV | Malayalam News

പിഎം കിസാൻ പദ്ധതി 5 വർഷം കൂടി തുടരും

 Web Desk    2 Aug 2026

രാജ്യത്തെ കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെ പദ്ധതി തുടരുന്നതിനായി 3.15 ലക്ഷം കോടി രൂപയുടെ വൻ സാമ്പത്തിക വിഹിതമാണ് കേന്ദ്രം അനുവദിച്ചത്.

2019ൽ ആരംഭിച്ച പിഎം-കിസാൻ പദ്ധതിയിലൂടെ അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്ന രീതിയാണ് നിലവിലുള്ളത്. മൂന്ന് തവണകളായി ഡയറക്റ്റ് ബെനെഫിറ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെയാണ് ഈ തുക വിതരണം ചെയ്യുന്നത്.

കർഷകരുടെ കൃഷിച്ചെലവുകൾ നേരിടാനും വിത്ത്, വളം, മറ്റ് കാർഷിക ആവശ്യങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്ഥിരമായ വരുമാന സഹായം നൽകുന്നതിലൂടെ ചെറുകിട, നാമമാത്ര കർഷകർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ നൽകുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം.

പദ്ധതി ആരംഭിച്ചതിന് ശേഷം രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന സംവിധാനമായതിനാൽ ഇടനിലക്കാരില്ലാതെ സഹായം ലഭിക്കുന്നതാണ് പിഎം കിസാൻ പദ്ധതിയുടെ പ്രധാന സവിശേഷത.

പുതിയ നീക്കത്തിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൃഷിച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ കർഷകരുടെ പണമൊഴുക്ക് മെച്ചപ്പെടുത്താനും സാമ്പത്തിക സമ്മർദം കുറയ്ക്കാനും ഈ സഹായം സഹായകരമാകുമെന്നാണ് പ്രതീക്ഷ.കർഷക ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന കേന്ദ്രത്തിന്റെ സമീപനത്തിന്റെ ഭാഗമായാണ് പിഎം കിസാൻ തുടർച്ചയായി നടപ്പാക്കുന്നത്. അടുത്ത അഞ്ച് വർഷവും രാജ്യത്തെ അർഹരായ കർഷകർക്ക് ഈ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കും.

  • Share This Article
Drisya TV | Malayalam News