Drisya TV | Malayalam News

മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

 Web Desk    1 Aug 2026

മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. രണ്ടു മാസത്തിനകം തുടങ്ങുമെന്നുംപരീക്ഷണാടിസ്ഥാനത്തിലാവും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷമെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി നോക്കും. ഇതിനര്‍ത്ഥം ആരും പൊതിച്ചോറ് നല്‍കേണ്ട എന്നല്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്ന കെ മുരളീധരന്റെ പ്രസ്താവന വിവാദമായിരുന്നു. ഡിവൈഎഫ്‌ഐക്കെതിരെ തുറന്നടിച്ചായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ആശുപത്രിയുടെ അകത്ത് ഉത്തരവാദിത്തം മന്ത്രിക്കാണെന്നും ഡിവൈഎഫ്‌ഐക്ക് അല്ലെന്നും മുരളീധരന്‍ ആറന്മുളയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചിരുന്നു.

ആശുപത്രിക്ക് അകത്ത് സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ മുരളീധരന്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴ ജില്ലയില്‍ ആദ്യം ആരംഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 'സന്നദ്ധ സംഘടനകളുമായി ചര്‍ച്ച നടത്തും. ഒരു കാരണവശാലും ആശുപത്രിക്കകത്ത് ഒരു പാര്‍ട്ടിയെയും കയറാന്‍ അനുവദിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ആശുപത്രിക്ക് അകത്തു വേണ്ട. പൊതിച്ചോറ് പാര്‍ട്ടിയുടെ പേരും കൊടിയും വെച്ചല്ല കൊടുക്കേണ്ടത്. അതിന് സര്‍ക്കാര്‍ സമ്മതിക്കില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ അല്ല സഹായിക്കേണ്ടത്. തീരുമാനം യുഡിഎഫ് സര്‍ക്കാരിന്റേതാണ്. കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം കൊടുക്കും.ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, സേവാഭാരതി അങ്ങനെ ഒരു സംഘടനയും ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ വേണ്ട. ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുത് എന്നാണ്', മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News