മലപ്പുറം തിരുവാലി കണ്ടമംഗലത്ത് തോട്ടിൽ വീണ് രണ്ടര വയസ്സുകാരൻ മരിച്ചു. കണ്ടമംഗലത്ത് മുനീറിന്റെ മകൻ അബ്ദുൽ മുഹീൻ ആണ് മരിച്ചത്. തോട്ടരികിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളത്തിൽ വീണ് ഒഴുക്കിൽ പെടുകയായിരുന്നു. തസ്‌ലീമ ബാനുവാണ് മാതാവ്. ഇതോടെ, സംസ്ഥാനത്ത് ഇന്നു മഴക്കെടുതിയിൽ പെട്ടു മരിച്ചവരുടെ എണ്ണം ആറായി. സംസ്ഥാനത്തു പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മന്ത്രിമാരുമായും ജില്ലാ കലക്ടര്‍മാരുമായും ബന്ധപ്പെട്ട് മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി.ഡി.സതീശൻ വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാംപ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കലക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി.
രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡ് ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുകയാണ്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്. ആലപ്പുഴ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ഹൗസ്ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, ചെറുവള്ളങ്ങൾ, കനോയിംഗ്, കായാക്കിങ്, സ്പീഡ് ബോട്ടുകൾ തുടങ്ങിയവയുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കലക്ടർ ഷാജി വി. നായർ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാൻ പോർട്ട് ഓഫിസറെ ചുമതലപ്പെടുത്തി.
ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. പത്തനംതിട്ട റാന്നി ടൗണില്‍ വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു.
പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞു വീണ് മണക്കാട്ട് റജീന, മകൻ ജോസഫിൻ ജോണി (24) എന്നിവർ മരിച്ചു. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. ഈരാറ്റുപേട്ട– വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായി. കെ.കെ.റോഡിൽ വെള്ളം കയറി. മലപ്പുറത്ത് കൊണ്ടോട്ടിയിൽ മേലേപ്പറമ്പ് അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമൻ (4) തോട്ടിൽ ഒഴുക്കിൽപ്പെട്ടു മരിച്ചു.
കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴ. മൂന്നിലവിൽ ഉരുൾ പൊട്ടി. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്‍റെ വീട് പൂർണമായും ഒലിച്ച് പോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകൾ ഉണ്ടായി. ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിലായി. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുൾപൊട്ടി. കൂട്ടിക്കൽ ടൗണിൽ വെള്ളം കയറി. മുണ്ടക്കയം കോസ്‌വെ വെള്ളത്തിലായി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. നടക്കൽ, മുരിക്കോരി ഭാഗങ്ങളിൽ വെള്ളം കയറി.
തൊടുപുഴ റോഡിലും ടൗണിലും വെള്ളക്കെട്ട്. പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി. മണിമല ആറ്റിൽ വെള്ളം കൂടിയതിനെ തുടർന്ന് പുനലൂർ മൂവാറ്റുപുഴ റോഡിന്റെ മണിമല ടൗൺ, മണ്ണനാണി, വാഴൂർ, മണിമല റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡും വെള്ളത്തിലായി.