Drisya TV | Malayalam News

ചൊവ്വയിലേക്ക് പ്രത്യേക ടയർ വികസിപ്പിച്ച് നാസ

 Web Desk    25 Jul 2026

ചൊവ്വയുടെയും ചന്ദ്രന്റെയും പ്രതലങ്ങൾ മുന്നിൽക്കണ്ട് സൂപ്പർ ഇലാസ്റ്റിക് ടയർ സാങ്കേതികവിദ്യ വികസിപ്പിച്ച് നാസയുടെ ഗ്ലെൻ റിസർച്ച് സെന്റർ. 'നിറ്റിനോൾ' (നികൽ-ടൈറ്റാനിയം ലോഹസങ്കരം) എന്ന വസ്തു ഉപയോഗിച്ച് എയർലെസ് ടയറാണ് എൻജിനിയർമാർ നിർമിച്ചിട്ടുള്ളത്. ഒരിക്കലും പഞ്ചറാകാത്ത ടയറാണിത്.

ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ ഇറങ്ങിയപ്പോൾ അതിന്റെ 'ചക്രങ്ങൾ' കാരണം പര്യവേക്ഷണം തടസ്സപ്പെട്ടിരുന്നു. 16 മാസത്തിനുള്ളിൽ, റോവറിന്റെ ദൃഢമായ അലുമിനിയം ചക്രങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കാൻ തുടങ്ങി. ചൊവ്വയുടെ കഠിനമായ പ്രതലമാണ് ചക്രങ്ങൾക്ക് വെല്ലുവിളി ഉയർത്തിയത്. ഇതോടെയാണ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്കുവേണ്ടി പൊട്ടിത്തെറിക്കാത്തതും പാറകളുമായും മണലുമായും പൊരുത്തപ്പെടാൻ കഴിവുള്ളതുമായ ഒരു ചക്രം ആവശ്യമാണെന്ന് നാസ തിരിച്ചറിയുന്നത്. ഇതേത്തുടർന്ന് നടത്തിയ പരീക്ഷണങ്ങളാണ് നൂതന ടയറിന്റെ രൂപൽപ്പനയിലേക്ക് വഴിതെളിച്ചത്.

പേപ്പർ ക്ലിപ്പിലെ സ്റ്റീൽ പോലുള്ള മിക്ക ലോഹങ്ങളിലും മതിയായ ബലം പ്രയോഗിച്ചാൽ വളഞ്ഞുപോകും. പിന്നീട് രൂപമാറ്റംവന്ന അവ അതേ നിലയിൽ തന്നെയിരിക്കും. എന്നാൽ 'നിറ്റിനോൾ' പോലുള്ളവ വ്യത്യസ്തമാണ്. ഇതിനെ വളയ്ക്കുകയോ തിരിക്കുകയോ ഞെക്കുകയോ ചെയ്‌താലും തൽക്ഷണം അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് തിരികെ വരും. നിറ്റിനോൾ റബ്ബറിനെപ്പോലെ ഇലാസ്റ്റിക് ആണ്. ടൈറ്റാനിയം പോലെ ശക്തവുമാണ്. സാധാരണ ലോഹങ്ങൾക്ക് താങ്ങാൻ കഴിയുന്നതിനേക്കാൾ മുപ്പത് മടങ്ങ് വരെ സമ്മർദ്ദം യാതൊരു കേടുപാടും കൂടാതെ ഇതിന് കൈകാര്യം ചെയ്യാൻ കഴിയും.

വളയുമ്പോൾ ഇവയുടെ ആന്തരിക ഘടന പുനഃക്രമീകരിക്കപ്പെടുകയും. സമ്മർദ്ദം ചെലുത്തുന്നത് നിർത്തുമ്പോൾ പൂർവസ്ഥിതിയിലേക്ക് തിരികെ വരികയും ചെയ്യുന്നു. ഇതുകാരണം, 'ഷെയ്പ് മെമ്മറി അലോയ്' (SMA)വയറുകളിൽ നിർമ്മിച്ച ടയറിന് പാറ നിറഞ്ഞ പാതകളിലൂടെ അനായാസം സഞ്ചരിക്കാൻ കഴിയും. ഒരിക്കലും പഞ്ചറാവില്ലാത്ത ഒരു വലിയ ഷോക്ക് അബ്സോർബർ പോലെ പ്രവർത്തിക്കുകയും ചെയ്യും.

  • Share This Article
Drisya TV | Malayalam News