Drisya TV | Malayalam News

നാളെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

 Web Desk    2 Jul 2026

നാളെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴി സ്വാധീനത്താൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.സീസണിലെ ആദ്യ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടത്.

അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇന്ന് മുതൽ ജൂലൈ ആറ് വരെ കേരളത്തിലും മാഹിയിലും നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യത. നാളെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ രണ്ട് മുതൽ ജൂലൈ ആറ് വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത.അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.നാളെ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലര്‍ട്ടുമുണ്ട്.

  • Share This Article
Drisya TV | Malayalam News