കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പൊലീസ് വെൽഫയർ ബ്യൂറോയിൽ നിന്ന് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. 5 ലക്ഷം രൂപ വീതം ആദ്യഘട്ടമായി അനുവദിക്കും.അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിവരങ്ങൾ തേടുകയും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തു.
കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മുറിച്ചുനീക്കിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപ്രതിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ഉദ്യോഗസ്ഥരിൽ ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപ്പാദവുമാണ് മുറിച്ചു മാറ്റിയത്. തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെടുന്ന പൊലീസ് ഉദ്യോഗസ്‌ഥരെ കരുതലോടെ ചേർത്ത് നിർത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.