സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ.ലാഭനഷ്ടക്കണക്കിന്റെ കള്ളിയിൽ ചുരുക്കിക്കാണേണ്ട പദ്ധതിയല്ല ഇതെന്നും സ്ത്രീകൾക്ക് അവരുടെ കൂലി വരുമാനത്തിൽ വർധനവുണ്ടാക്കുന്ന കാര്യമാണിതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർവഹിക്കുന്നത്. ആദ്യ സർവീസ് നടത്തുന്ന ബസിൻ്റെ ഡ്രൈവറും കണ്ടക്‌ടറും വനിതകളായിരിക്കുമെന്നും മന്ത്രി പറഞ്ഞു.8.30ന് ശേഷമായിരിക്കും സ്ത്രീകൾക്കു സൗജന്യമായി യാത്ര ചെയ്യാൻ കഴിയുക. ടൗൺ ടു ടൗൺ ഉൾപ്പെടെ ഓർഡിനറി എന്നെഴുതിയ എല്ലാ ബസുകളിലും സൗജന്യം ലഭിക്കും. സിറ്റി ഫാസ്റ്റിൽ സൗജന്യം കിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടെ കുറച്ചു ദൂരം ആദ്യ സർവീസിൽ യാത്ര ചെയ്യും. പ്രത്യേകം കാർഡുകളോ സർട്ടിഫിക്കറ്റുകളോ റജിസ്ട്രേഷനോ ഒന്നും ആവശ്യമില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യം ലഭിക്കും. ആദ്യഘട്ടത്തിൽ 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബാധ്യത കെഎസ്ആർടിസിയുടെ ചുമലിൽ വയ്ക്കില്ല. സർക്കാർ ഗ്രാന്റായി പണം നൽകും. ഏകദേശം രണ്ടു കോടിയിലധികം രൂപ പ്രതിദിനം ഇതിനായി വേണ്ടിവരും. ചെലവുകൾ കൃത്യമായി അറിയാൻ എല്ലാ സ്ത്രീകൾക്കും സീറോ ടിക്കറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു.പദ്ധതി ധനപരമായി നഷ്ടമാണെന്നു തോന്നുമെങ്കിലും സ്ത്രീകൾ മിച്ചംവയ്ക്കുന്ന പണം വിപണിയിലേക്കു തന്നെ എത്തുന്നത് സാമ്പത്തികരംഗത്തിനു നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു.