Drisya TV | Malayalam News

മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്ന സിബിഎസ്ഇ സർക്കുലറിനെതിരെ സുപ്രീം കോടതിയിൽ പുതിയ ഹർജി

 Web Desk    9 Jun 2026

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ട് തദ്ദേശീയ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്ന സിബിഎസ്ഇ സർക്കുലറിനെതിരെ സുപ്രീം കോടതിയിൽ പുതിയ ഹർജി. ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന പുതിയ നയം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

വിദ്യാഭ്യാസ വിദഗ്ദ്ധയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ഡോ. ഫൗസിയ ഖാനാണ് കോടതിയെ സമീപിച്ചത്. മെയ് 15-ന് സിബിഎസ്ഇ പുറപ്പെടുവിച്ച സർക്കുലർ തികച്ചും ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹർജിയിലെ പ്രധാന വാദങ്ങൾ:

അധ്യാപകരുടെ കുറവ്: രാജ്യത്ത് നിലവിലുള്ള ഭാഷാ അധ്യാപകരുടെ കുറവിനെക്കുറിച്ച് സർക്കുലറിൽ തന്നെ പരാമർശിക്കുന്നുണ്ടെങ്കിലും, യാതൊരു പ്രായോഗിക പഠനവും നടത്താതെയാണ് തീരുമാനം നടപ്പിലാക്കാൻ സിബിഎസ്ഇ നിർബന്ധം പിടിക്കുന്നത്.

ഭാഷാ അടിച്ചേൽപ്പിക്കൽ: കൃത്യമായ വിദ്യാഭ്യാസപരമായ യുക്തിയില്ലാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദിയും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംസ്‌കൃതവും നിർബന്ധിതമായി അടിച്ചേൽപ്പിക്കാൻ മാത്രമേ സർക്കുലർ ഉപകരിക്കൂ എന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലംഘനം: ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദിയോ സംസ്‌കൃതമോ നിർബന്ധമാക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ലംഘനമാണെന്ന് എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് കൂടിയായ ഫൗസിയ ഖാൻ ഹർജിയിൽ ആരോപിച്ചു.

  • Share This Article
Drisya TV | Malayalam News