Drisya TV | Malayalam News

അനുമതിയില്ലാതെ മറ്റൊരാളുടെ സ്വകാര്യതയിലേക്ക് മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അഴിയെണ്ണേണ്ടിവരും:മുന്നറിയിപ്പുമായി കേരളാ പൊലീസ്

 Web Desk    8 Jun 2026

അനുമതിയില്ലാതെ മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അഴിയെണ്ണേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓർമ വേണമെന്നും ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാമെന്നും പൊലീസ് അറിയിച്ചു.

നടൻ സലിംകുമാറിന്റെ സംസ്കാര വേളയിൽ ഉണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് സെക്‌ഷൻ (66ഇ) പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വിഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് അറിയിച്ചു.

മനുഷ്യൻ്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്നും പൊലീസ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News