Drisya TV | Malayalam News

ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

 Web Desk    29 May 2026

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അന്വേഷണം ഇങ്ങനെ വേണം എന്ന് സംസ്ഥാന സർക്കാരിനു പറയാൻ കഴിയില്ല. അതിനുള്ള അധികാരമില്ല. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണ്. ക്രമസമാധാനപ്രശ്നം ഉണ്ടായാൽ പൊലീസ് ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേന്ദ്ര ഏജൻസിയാണ് കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് അവർ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് അതിൽ പങ്കില്ല. റെയ്ഡ് വിവരം ഇ.ഡി പൊലീസിനെ അറിയിച്ചിട്ടില്ല. ആൾകൂട്ടം കണ്ട് ആഭ്യന്തര മന്ത്രിയാണ് പൊലീസിനെ വിട്ടത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കുറേ സംഘർഷം ലഘൂകരിക്കാൻ പൊലീസിനു കഴിഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ള ഇ.ഡി ഉദ്യോഗസ്ഥരെ ക്രിമിനലുകൾ മർദിച്ചു. കാർ തല്ലി തകർത്തു. ആ സമീപനം ശരിയല്ല. ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.

സ്വന്തം വസതിയിലെ റെയ്ഡിനുശേഷം പിണറായി വിജയൻ രാഹുൽ ഗാന്ധിയെ മാത്രമാണ് കുറ്റപ്പെടുത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാഹുൽഗാന്ധിയാണോ ഇ.ഡി റെയ്ഡിന് ആളെ അയച്ചത്? തനിക്കെതിരെ ഇ.ഡി കേസ് വന്നപ്പോൾ രാഹുൽഗാന്ധി കോൺഗ്രസുകാരെ വിട്ട് ഇ.ഡിയുടെ വാഹനം തല്ലിതകർത്തോ? രാഹുൽഗാന്ധി രാഷ്ട്രീയമായാണ് കേസിനെ നേരിട്ടത്. 56 മണിക്കൂർ അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായി. പിണറായിയുടെ മകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായാണെങ്കിൽ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാം. ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.ഡി റെയ്ഡിൽ പ്രതികരണം വൈകിയതിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ഒരു കാര്യത്തില്‍ എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കു നല്‍കണം. ഒളിച്ചോടുന്ന ആളല്ല താൻ. ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ തന്നെ ഉത്തരം പറയാനുള്ള അവകാശം തനിക്കു നല്‍കണം. കാര്യങ്ങള്‍ പഠിച്ചു മാത്രമേ മറുപടി പറയാന്‍ കഴിയൂ. അത് എപ്പോള്‍ പറയുമെന്നു താന്‍ തീരുമാനിക്കും.

  • Share This Article
Drisya TV | Malayalam News