Drisya TV | Malayalam News

രാജ്യത്തുണ്ടാകുന്ന റെക്കോർഡ് വൈദ്യുതി ഉപഭോഗം നേരിടാൻ പവർ പ്ലാന്റുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

 Web Desk    21 May 2026

രാജ്യത്തുണ്ടാകുന്ന റെക്കോർഡ് വൈദ്യുതി ഉപഭോഗം നേരിടാൻ പവർ പ്ലാന്റുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കഴിഞ്ഞ ഏപ്രിൽ 25-ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 256 ഗിഗാവാട്ടായിരുന്നത് മെയ് 20 ആയപ്പോഴേക്കും 265 ഗിഗാവാട്ടായി ഉയർന്നിരുന്നു. ജൂണിൽ ഇത് 271 ഗിഗാവാട്ടായും ജൂലൈയിൽ 283 ഗിഗാവാട്ടായും ഉയരുമെന്നാണ് ഊർജ്ജ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതിക്ക് ലഭിച്ച റിപ്പോർട്ട്.

കടുത്ത വേനലിൽ രാജ്യത്ത് എവിടെയും ലോഡ്ഷെഡ്ഡിങോ തടസ്സമോ ഉണ്ടാകാതിരിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഡീഷണൽ സെക്രട്ടറി പീയൂഷ് സിങ് വിശദീകരിച്ചത്. ഇതിന്റെ ഭാഗമായി ഈ സീസണിൽ രാജ്യത്തെ എല്ലാ തെർമൽ പവർ പ്ലാന്റുകളും തടസ്സമില്ലാതെ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി പ്ലാന്റുകൾ അടച്ചിടാൻ ഈ സമയത്ത് അനുമതി നൽകില്ല. ആവശ്യകത കുതിച്ചുയരുന്ന സാഹചര്യത്തിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനാണിത്. ഈ നീക്കത്തിലൂടെ വൈദ്യുതി വിതരണത്തിൽ 15,000 മെഗാവാട്ടിന്റെ അധിക വർദ്ധനവ് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

വൈദ്യുതി പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ കൽക്കരി ശേഖരം നിലവിൽ തൃപ്തികരമാണെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധാരണയായി ഉണ്ടാകാറുള്ള 30 ദിവസത്തെ ശേഖരത്തിന് പകരം ഇപ്പോൾ 18 ദിവസത്തെ കൽക്കരി മാത്രമേ പ്ലാന്റുകളിൽ ലഭ്യമായിട്ടുള്ളൂ.

ഇതോടൊപ്പം ഇറാൻ-അമേരിക്ക യുദ്ധത്തെത്തുടർന്നുണ്ടായ അന്താരാഷ്ട്ര സംഘർഷങ്ങളും ലോകത്തെ പ്രധാന ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും ഗ്യാസ് വിതരണത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവെക്കുന്നുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന നീക്കത്തെയും വിലയെയും ബാധിച്ചതിനാൽ നൈജീരിയ പോലുള്ള ഇതര രാജ്യങ്ങളിൽ നിന്ന് ഗ്യാസ് എത്തിക്കാനുള്ള ക്രമീകരണങ്ങൾ രാജ്യം ആരംഭിച്ചിട്ടുണ്ട്.

പ്രതിസന്ധി മറികടക്കാൻ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ തന്ത്രപരമായി ഉപയോഗിക്കാനാണ് സർക്കാർ പദ്ധതി. പകൽ സമയങ്ങളിൽ സൗരോർജ്ജ ഉത്പാദനം പരമാവധി പ്രയോജനപ്പെടുത്തി ജലവൈദ്യുത പദ്ധതികളിലെ വെള്ളം കരുതിവെക്കുകയും ജൂൺ മാസം മുതൽ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം വർദ്ധിക്കുകയും ചെയ്യുന്നതോടെ പവർ ഗ്രിഡുകളിലെ സമ്മർദ്ദം കുറക്കാൻ സാധിക്കും. നിലവിൽ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അധിക വൈദ്യുതി സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News