Drisya TV | Malayalam News

സർവീസ് ചട്ടങ്ങൾ ലംഘിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനായ ബി.അശോകിന് സസ്പെൻഷൻ 

 Web Desk    29 Apr 2026

അനുമതിയില്ലാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളോടു പ്രതികരിച്ചെന്നു ചൂണ്ടിക്കാട്ടി മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനായ ബി.അശോകിനെതിരെ നടപടി സ്വീകരിച്ചു സർക്കാർ. സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ സസ്പെൻഡ് ചെയ്ത‌്‌ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പല മാധ്യമങ്ങളിലും സർക്കാർ നയങ്ങളെ വിമർശിക്കുന്ന തരത്തിൽ ബി.അശോക് സംസാരിച്ചിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളിൽ ഇടപെട്ടുവെന്നും പ്രതികരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അശോകിന്റെ പ്രതികരണങ്ങൾ ചട്ടം 7(2)ന് വിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് ബി.അശോക് പ്രതികരിച്ചു. സർക്കാരിനെതിരെ എന്തു തരം പ്രസ്താവനയാണ് താൻ നടത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഉത്തരവിന് നിയമപരമായി നിലനിൽപുണ്ടെന്നു കരുതുന്നില്ല. കാവൽ മന്ത്രിസഭയാണ് സംസ്ഥാനത്തുള്ളത്. കുറച്ചു ദിവസങ്ങൾ കൂടി മാത്രം അധികാരപരിധിയുള്ള സർക്കാർ രണ്ടുപേർ നൽകിയ സ്വകാര്യ പരാതി സ്വീകരിച്ച്, പ്രതികാര നടപടി എന്ന തരത്തിൽ ഒരു പരിശോധനയും നടത്താതെയാണ് മുതിർന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തിരിക്കുന്നത്. ആ സാഹചര്യത്തിൽ നിയമപരമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും അശോക് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News