വനംവകുപ്പ് ഡോക്ടർമാരുടെയും ജീവനക്കാരുടെയും പരിശ്രമങ്ങൾ വിഫലമായി. അട്ടപ്പാടി അബ്ബന്നൂർ വനത്തിൽ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ധോണിയിലെ പരിചരണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ചരിഞ്ഞു. അമിതമായ ചൂടിനെത്തുടർന്നുണ്ടായ വയറിളക്കമാണു പ്രധാന മരണകാരണം. ജന്മനാ ഹൃദയത്തെ ബാധിച്ച വൈറസ് രോഗബാധയും കാരണമായി. ചൂട് പ്രശ്നമാണെന്നു കണ്ടതോടെ ശീതീകരിച്ച മുറിയിലേക്ക് ആനക്കുട്ടിയെ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു ചരിഞ്ഞത്.
ഈ മാസം പതിനാലിനാണു മേലെ അബ്ബന്നൂർ ഉന്നതിക്കടുത്ത് വനത്തിലെ നീർച്ചാലിൽ പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ ഒരു ദിവസം പ്രായമുള്ള കുട്ടിയാനയെ കണ്ടെത്തിയത്. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി 18നു പ്രത്യേക വാഹനത്തിൽ ധോണിയിലെത്തിച്ചു. ഡോ.ഡേവിസ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. പാറയിടുക്കിൽപ്പെട്ടതിനാൽ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ചെറിയതോതിൽ ഇളനീരും പാലുമെല്ലാം നൽകിയിരുന്നു.
കഴിഞ്ഞദിവസമാണു വയറിളക്കം രൂക്ഷമായത്. താപാഘാതത്തെത്തുടർന്നുള്ള വയറിളക്കമാണെന്നതിനാൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ഹൃദയത്തിലെ വൈറസ് രോഗബാധയും രൂക്ഷമായി. ഈ രോഗം ഉള്ളതിനാലാണു തള്ളയാന കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണു നിഗമനം.