Drisya TV | Malayalam News

പാമ്പുകടിയേറ്റാൽ ഉടൻ കനിവ് 108 ൽ വിളിക്കൂ

 Web Desk    26 Apr 2026

പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. കനിവ് 108 ആംബുലൻസിലുള്ള പരിചയസമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാൽ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്. അതിനാൽ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത്.

നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്‌നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവർ 108 എന്ന നമ്പരിൽ വിളിക്കണം.

 

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവർക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന് നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോൾ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നൽകുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാൾ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുക.

പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാൽ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറിൽ കിടത്തിയോ ആശുപത്രിയിൽ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് പ്രധാനം.

  • Share This Article
Drisya TV | Malayalam News