കഴിഞ്ഞ ദിവസങ്ങളിൽ ഒരു മുന്നറിയിപ്പ് സന്ദേശം വന്നിട്ടുണ്ടാകും. ഗൂഗിൾ പേയിൽ പുതുതായി വന്നിട്ടുള്ള 'പോക്കറ്റ് മണി' എന്ന ഫീച്ചർ ഉപയോഗിക്കരുത്, അതിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെടും. എന്റെ പതിനായിരം രൂപ നഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞയിരിക്കും ഓഡിയോ മെസ്സേജ്...ഇത് വലിയ രീതിയിൽ ഷെയർ ചെയ്ത് പോകുന്നുണ്ട്. മെസേജ് കണ്ട് ഗൂഗിൾ പേ ഓൺ ആക്കിയാലോ. ശരിയാണ് പോക്കറ്റ് മണി എന്നൊരു ഫീച്ചർ വന്നിട്ടുണ്ട്. ഇത്രയും കാണുമ്പോള്‍ തട്ടിപ്പെന്ന് ഉറപ്പിക്കും. എന്നാൽ ഇതിന്റെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് നിങ്ങൾക്കറിയാമോ? ആ വാട്സാപ്പ് സന്ദേശത്തിൽ പറയുന്നത് പോലെ ഇത് ഒരു തട്ടിപ്പാണോ? നിങ്ങളുടെ അക്കൗണ്ട് കാലിയാകുമോ? പേടിച്ച് ഗൂഗിള്‍ പേ ഡിലിറ്റ് ചെയ്യാന്‍ വരട്ടെ...
യഥാർഥത്തിൽ ഗൂഗിൾ പേ ഔദ്യോഗികമായി അവതരിപ്പിച്ച 'യുപിഐ സർക്കിൾ' (UPI Circle) എന്ന സുരക്ഷിതമായ സംവിധാനത്തിന്റെ ഭാഗമാണ് ഈ പോക്കറ്റ് മണി ഫീച്ചർ. സ്വന്തമായി ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്ത കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഒരു മികച്ച സംവിധാനമാണിത്. അതായത്, മക്കൾക്ക് ബാങ്ക് അക്കൗണ്ടില്ലാതെ തന്നെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പേയ്മെന്‍റുകൾ നടത്താനാകും.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തിറക്കിയ ഈ സംവിധാനം വഴി ഒരു അക്കൗണ്ട് ഉടമയ്ക്ക് തന്റെ അക്കൗണ്ടിൽ നിന്ന് പണം ചിലവഴിക്കാൻ അഞ്ച് പേരെ വരെ (Secondary Users) അനുവദിക്കാവുന്നതാണ്.
ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കാം.
മക്കൾക്കോ വിശ്വസ്തരായ മറ്റൊരാൾക്കോ വേണ്ടി പോക്കറ്റ് മണി ഫീച്ചർ സെറ്റ് ചെയ്യുമ്പോൾ രക്ഷിതാക്കൾക്ക് രണ്ട് തരത്തിലുള്ള നിയന്ത്രണങ്ങൾ തിരഞ്ഞെടുക്കാം. ഒന്ന്, ഒരു നിശ്ചിത പ്രതിമാസ പരിധി നിശ്ചയിക്കാം. പരമാവധി 15,000 രൂപ വരെയാണ് ഇത്തരത്തിൽ നൽകാൻ കഴിയുക. ഈ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഓരോ തവണയും രക്ഷിതാവിന്റെ അനുവാദം ചോദിക്കാതെ തന്നെ കുട്ടികൾക്ക് കടകളിലും മറ്റും ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമടയ്ക്കാം. എന്നാൽ ഒരു തവണ പരമാവധി 5,000 രൂപ വരെ മാത്രമേ ഇങ്ങനെ അയക്കാൻ കഴിയൂ എന്ന സുരക്ഷാ ക്രമീകരണവുമുണ്ട്.
രണ്ടാമത്തെ രീതിയിൽ, കുട്ടി ഓരോ തവണ പണമടയ്ക്കുമ്പോഴും രക്ഷിതാവിന്റെ ഫോണിലേക്ക് ഒരു റിക്വസ്റ്റ് വരും. അത് അപ്രൂവ് ചെയ്താൽ മാത്രമേ പണം കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ. ബാങ്കിംഗ് നിയമങ്ങൾ പാലിക്കുന്നതിനായി ഉപയോക്താക്കളുടെ വിവരങ്ങൾ സർക്കാർ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സ്ഥിരീകരിക്കേണ്ടതുമുണ്ട്.ഇതിലൂടെ കടകളില്‍ നിന്നും ഓണ്‍ലൈനിലൂടെയും സാധനങ്ങള്‍ വാങ്ങിക്കാന്‍ മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് കുട്ടികൾക്ക് പേയ്‌മെന്റ് നടത്താനാകും. മാതാപിതാക്കളുടെ അനുവാദത്തോട് കൂടി മക്കള്‍ക്ക് സ്വതന്ത്രമായി പണം ചിലവഴിക്കാനും, മക്കള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്താനും കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
ഇനി തട്ടിപ്പിനെക്കുറിച്ചുള്ള പ്രചരണങ്ങളിലേക്ക് വരാം. ഗൂഗിൾ പേയിലെ പോക്കറ്റ് മണി ഐക്കണിൽ വെറുതെ ഒന്ന് തൊട്ടാലോ അതിനുള്ളിൽ കയറി നോക്കിയാലോ നിങ്ങളുടെ പണം നഷ്ടപ്പെടില്ല. നിങ്ങൾ ഒരാളെ 'സെക്കൻഡറി യൂസർ' ആയി ആഡ് ചെയ്ത് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ മാത്രമേ അവർക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ സാധിക്കൂ. വാട്സാപ്പിൽ പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങൾ വെറും വ്യാജമാണ്. എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, പ്ലേ സ്റ്റോറിൽ 'Pocket Money' എന്ന പേരിൽ മറ്റ് ചില തേർഡ് പാർട്ടി ആപ്പുകൾ ലഭ്യമാണ്. അവ ടാസ്ക്കുകൾ പൂർത്തിയാക്കിയാൽ പണം നൽകുമെന്ന് അവകാശപ്പെടുന്നവയാണ്. അവയുമായി ഗൂഗിൾ പേയുടെ ഈ ഫീച്ചറിനെ മാറിപ്പോകരുത്. ഗൂഗിൾ പേയ്ക്ക് ഉള്ളിലുള്ള ഈ സംവിധാനം തികച്ചും ഔദ്യോഗികവും സുരക്ഷിതവുമാണ്.