പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും ‘തത്വത്തിൽ’ അംഗീകരിച്ച വെടിനിർത്തൽ ധാരണ പൊളിയുന്നു. ട്രംപിന്റെ കടുത്ത മുന്നറിയിപ്പിനെയും തള്ളിയ ഇറാൻ, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിട്ടതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില മുന്നേറ്റം തുടങ്ങി. യുഎസ് ക്രൂഡ് വില 2 ശതമാനത്തോളം വർധിച്ച് വീണ്ടും ബാരലിന് 100 ഡോളറിന് തൊട്ടരികെയെത്തി. ബ്രെന്റ് വില 1.70% ഉയർന്ന് 97.55 ഡോളറുമായി.
ഇറാന്റെ തീരത്തെ ലാറക് ദ്വീപ് വഴി സൈന്യത്തിന്റെ പരിശോധനയ്ക്കുശേഷം കപ്പലുകൾക്ക് കടന്നുപോകാമെന്നാണ് ഇറാനിയൻ റവല്യൂഷനറി ഗാർ കോറിന്റെ (ഐആർജിസി) നിലപാട്. ഇവിടെവച്ചാണ് കപ്പലുകളുടെ റജിസ്ട്രേഷൻ, ചരക്ക്, ജീവനക്കാരുടെ വിവരങ്ങൾ, ലക്ഷ്യസ്ഥാനം എന്നിവ ഐആർജിസി പരിശോധിക്കുന്നതും ഫീസ് ഈടാക്കുന്നതും എന്നാണ് റിപ്പോർട്ടുകൾ.
230 കപ്പലുകൾ ഹോർമുസിനടുത്ത് ഇറാന്റെ അനുമതിക്കായി കാത്തുകിടപ്പുണ്ട്. ഇതിനിടെ, യുഎസിനെ സമ്മർദത്തിലാക്കാൻ ഹോർമുസിലെ ‘സ്ഥിരംപാതയിൽ’ ബോംബുകെണികൾ സ്ഥാപിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. ഭയപ്പെടുത്തി ഹോർമുസ് തുറപ്പിക്കാൻ നോക്കേണ്ടെന്ന മുന്നറിയിപ്പാണ് ഇതുവഴി ഇറാൻ നൽകുന്നതെന്നാണ്