ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനു ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്. യുവനടി നേരിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന് നൽകിയ പരാതിയിലാണ് രഞ്ജിത്തിനെ മാർച്ച് 31ന് അറസ്റ്റു ചെയ്തത്. എറണാകുളം വനിതാ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തശേഷം മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
ഫോർട്ട്കൊച്ചിയിലെ സിനിമാസെറ്റിൽ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചാണ് യുവനടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവയ്ക്കൽ, ലൈംഗികാവശ്യം ഉന്നയിക്കൽ തുടങ്ങിയ ഗൗരവ സ്വഭാവമുള്ള വകുപ്പുകൾ ചുമത്തിയാണ് എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. തൊടുപുഴയിൽനിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.