Drisya TV | Malayalam News

ആധാർ ആപ്പ് പ്രീലോഡ് ചെയ്യാൻ ഫോൺ നിർമാതാക്കളോട് കേന്ദ്രം

 Web Desk    20 Mar 2026

പുറത്തിറക്കുമ്പോൾതന്നെ എല്ലാ സ്മാർട്ട്‌ഫോണുകളിലും ആധാർ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ (പ്രീലോഡ്) നിർമ്മാതാക്കളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. സഞ്ചാർ സാഥി ആപ്പ് സമാനമായ രീതിയിൽ എല്ലാ ഫോണുകളിലും നിർബന്ധമാക്കാൻ കേന്ദ്രം നീക്കം നടത്തിയിരുന്നു. എന്നാൽ വിമർശനം ഉയർന്നതോടെ പിന്മാറി. പിന്നാലെയാണ് പുതിയ നീക്കം. എന്നാൽ ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ നിർമ്മാതാക്കൾ ഈ ആവശ്യവും നിരസിച്ചുവെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നത്.

രാജ്യത്തെ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആധാർ. കേന്ദ്ര സർക്കാർ ഈ വർഷം ജനുവരിയിൽ ഫോൺ നിർമ്മാതാക്കളുമായി ആധാർ ആപ്പ് പ്രീലോഡ് ചെയ്യുന്നതിനെക്കുറിച്ച് സ്വകാര്യ ചർച്ച നടത്തിയിരുന്നു എന്നാണ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നത്. ആധാർ പ്രോഗ്രാം കൈകാര്യം ചെയ്യുന്ന UIDAI ആണ് ഈ ആവശ്യം മുന്നോട്ടുവെച്ചത് എന്നാണ് വിവരം. ആപ്പിൾ, സാംസങ് പോലുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ഈ നിർദ്ദേശം ചർച്ച ചെയ്യാൻ ഐടി മന്ത്രാലയത്തോട് അവർ ആവശ്യപ്പെട്ടു.

ഈ നിർദേശം നടപ്പിലായാൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളും സജ്ജീകരിക്കുമ്പോൾ തന്നെ ക്ലോക്ക് അല്ലെങ്കിൽ കാൽക്കുലേറ്റർ പോലുള്ള ആപ്പുകൾക്ക് സമാനമായി ആധാർ ആപ്പും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യും. എന്നാൽ ഫോൺ നിർമ്മാതാക്കളുടെ സംഘടന (MAIT) ഈ നിർദ്ദേശത്തെ എതിർക്കുകയാണ്. ആപ്പിളും സാംസങ്ങും അടക്കമുള്ളവ സുരക്ഷാ, സ്വകാര്യത എന്നിവ സംബന്ധിച്ച ആശങ്കകൾ ഉന്നയിച്ചതായാണ് വിവരം. കഴിഞ്ഞ വർഷം സഞ്ചാർ സാഥി ആപ്പ് നിര്ബന്ധമാക്കാൻ നിർദ്ദേശിച്ച സമയത്തും സമാനമായ ആശങ്കകൾ അവർ ഉയർത്തിയിരുന്നു.

ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യേണ്ടിവന്നാൽ ഇന്ത്യയിലേക്കും കയറ്റുമതി ചെയ്യുന്ന വിപണികളിലേക്കും വേണ്ടിയുള്ള ഫോണുകൾക്കുവേണ്ടി പ്രത്യേക ഉത്പാദന ലൈനുകൾ നിലനിർത്തേണ്ടി വരും എന്നകാര്യവും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ഇത് ലോജിസ്റ്റിക് പ്രശ്‌നങ്ങൾക്കടകകം കാരണമാകും എന്നാണ് വാദം.

ഈ വർഷം ജനുവരിയിലാണ് പുതിയ ആധാർ ആപ്പ് UIDAI പുറത്തിറക്കിയത്. ദുരുപയോഗം തടയാൻ ബയോമെട്രിക് ഡേറ്റ ലോക്ക് ചെയ്യാനുള്ള സൗകര്യമടക്കം ഉൾപ്പെടുത്തിയതാണ് ആപ്പ്. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നതോടെ ആപ്പ് എല്ലാവർക്കും ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ വാദിക്കുന്നു.

  • Share This Article
Drisya TV | Malayalam News