ഇന്ത്യയുടെ രണ്ടാമത്തെ എൽപിജി (LPG) ടാങ്കർ കപ്പലായ നന്ദാദേവി ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷഭരിതമായ ഗൾഫ് മേഖലയിലൂടെ ഊർജ്ജ ചരക്കുകൾ സുരക്ഷിതമായി എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പാണിത്.
സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് (LPG) ആണ് നന്ദാദേവി വഹിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പൽ ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നത്. മുംബൈ അല്ലെങ്കിൽ കണ്ട്ല തുറമുഖങ്ങളിൽ ഒന്നിലായിരിക്കും കപ്പൽ അടുക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ നാവിക സേനയുടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ രണ്ട് കപ്പലുകളും സുപ്രധാനമായ ഹോർമുസ് സമുദ്രപാതയിലൂടെ സുരക്ഷിതമായി സഞ്ചാരിക്കുന്നത്. ശിവാലിക്കും നന്ദാദേവിയും സുരക്ഷിതമായി പുറത്തെത്തിയതോടെ, മറ്റ് കപ്പലുകൾക്കും ഇതേ രീതി പിന്തുടരാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.