ഗ്യാസ് വില വർധനയ്ക്കു പിന്നാലെ അവ കിട്ടാതെ കൂടി വന്നതോടെ നാട്ടിൻപുറങ്ങളിൽ വിറകിന് "തീപിടിച്ച" വില. ഒരു കാലത്ത് ആർക്കും വേണ്ടാതിരുന്ന വിറകിന് ഇപ്പോൾ വിഐപി പരിവേഷം. പ്രധാനമായും മൂന്നു രീതിയിലുളള വിറകുകളാണ് വിൽപ്പനയ്ക്കുളളത്. പുളിമര വിറക്, റബർ, പ്ലാവ് എന്നിവ.ഇതിൽ പൊതുവേ വില കൂടിയത് പുളിയ്ക്കാണ്. ടണ്ണിന് 3000 രൂപയായിരുന്ന പുളിമര വിറകിന് ഇന്നലെ മുതൽ 4000 മുതൽ 4500 വരെയായി. റബറാണ് കൂടുതലായി വിറ്റു പോകുന്നത്. 2500-2700 വരെ വിലയുണ്ടായിരുന്ന റബറിനും ഇന്നലെ 3300-3600 വരെയായി.
വിലക്കുറവുളള പ്ലാവ്, ആഞ്ഞിലി, മാവ് എന്നിവയ്ക്ക് 2000-2500 വിലയുണ്ടായിരുന്ന സ്ഥാനത്ത് 3000 വരെയായി ഉയർന്നു. ആവശ്യക്കാരേറിയതോടെ വിറകിന്റെ ചില്ലറ വിൽപ്പന വിലയുമേറി. ഒരു കിലോ പുളി വിറകിന് 7 രൂപയായിരുന്നത് 8-9 രൂപയായി. 6 രൂപയ്ക്ക് വിറ്റിരുന്ന റബറിന് 7-8 രൂപയായും 5 രൂപയായിരുന്ന മറ്റു വിറകുകൾക്ക് 6-7 രൂപയായുമാണ് വിലയുയർന്നത്.
പാറശാലയ്ക്കടുത്ത് കോട്ടവിള എം.ആർ. വിറകു കടയിൽ വിറകിന് ആവശ്യക്കാരേറിയെന്ന് കടയുടമ രാജം പറയുന്നു. ഹോട്ടലുകാരും തട്ടുകടക്കാരും ഗ്യാസിലേക്കു തിരിഞ്ഞതോടെ വളരെക്കുറച്ച് വീട്ടുകാർ മാത്രമാണ് വിറക് ഉപയോഗിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ ദിവസം മുതൽ തട്ടുകടക്കാരും വിറകു വാങ്ങാനെത്തുന്നു.
വിലപേശലില്ലാതെ ലോറിയിൽ ഇറക്കിയിരുന്ന വിറകിന് ലോറിക്കാർ വൻ വില ചോദിച്ചതിനാൽ ഇറക്കാൻ കഴിഞ്ഞില്ലെന്നും രാജം പറയുന്നു. ഇതിനിടെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ ഉപയോഗിക്കാതെ കിടന്ന കൊതുമ്പ്, മടൽ, തൊണ്ട് തുടങ്ങിയവയ്ക്കും ആവശ്യക്കാരേറിയിട്ടുണ്ട്.