ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് ആര്യനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് മരിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് മോർഫ് ചെയ്ത് ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതിൽ മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തത്.ഈ മാസം ആറിന് വീടിനുള്ളിൽ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ലോൺ ആപ്പിൽനിന്നും പണം എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി പിതൃസഹോദരൻ അനിൽകുമാർ പറഞ്ഞു. പണം നൽകാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ആനന്ദിൻ്റെ കുടുംബം പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. യുവാക്കളുടെ ജീവനെടുക്കുന്ന ഇത്തരം ലോൺ ആപ്പുകൾക്കെതിരെ കർശന നടപടി വേണമെന്ന് വാർഡ് മെമ്പർ സുരേഷ് ആവശ്യപ്പെട്ടു. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.