Drisya TV | Malayalam News

ജീവനക്കാർക്ക് വൊളന്ററി എക്സിറ്റ് പാക്കേജുമായി ഗൂഗിൾ

 Web Desk    12 Feb 2026

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കമ്പനി പൂർണമായും മാറുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് വൊളന്ററി എക്സിറ്റ് പാക്കേജുകൾ (വിഇപി) വാഗ്ദാനം ചെയ്ത് ഗൂഗിൾ. എഐ സാങ്കേതികവിദ്യയെ ഉൾക്കൊള്ളാൻ കഴിയാത്തവർക്കോ കമ്പനിയുടെ ഇപ്പോഴത്തെ വേഗതയുമായി പൊരുത്തപ്പെടാൻ സാധിക്കാത്തവർക്കോ സ്വയം വിരമിക്കാനുള്ള അവസരമാണ് ഗൂഗിൾ നൽകുന്നത്.ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്ലർ ആണ് ഗ്ലോബൽ ബിസിനസ് ഓർഗനൈസേഷനിലെ ജീവനക്കാർക്ക് അയച്ച ഇമെയിലിലൂടെ വിവരം അറിയിച്ചത്.

കമ്പനിയുടെ ഭാവി എഐയിൽ അധിഷ്ഠിതമാണെന്നും, ജീവനക്കാർ മാറ്റത്തെ പൂർണമനസ്സോടെ ഏറ്റെടുക്കണമെന്നും ഷിൻഡ്ലർ നിർദ്ദേശിച്ചു. ഇപ്പോഴത്തെ പ്രവർത്തന വേഗത ആസ്വദിക്കാൻ കഴിയാത്തവർക്ക് പാക്കേജ് സ്വീകരിച്ച് കമ്പനിയിൽ നിന്ന് പടിയിറങ്ങാം.സൊല്യൂഷൻ ടീം, സെയിൽസ്, കോർപ്പറേറ്റ് ഡെവലപ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കാണ് എക്സിറ്റ് പാക്കേജ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ കസ്റ്റമർ സെയിൽസ് ടീമിലുള്ളവർക്ക് ആനുകൂല്യം ലഭ്യമാകില്ല.

നിലവിൽ എത്ര തുകയാണ് വിരമിക്കൽ ആനുകൂല്യമായി നൽകുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, മുൻവർഷങ്ങളിൽ 14 ആഴ്ചത്തെ ശമ്പളവും സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും അധികമായി ഒരു ആഴ്ചത്തെ ശമ്പളവും ഗൂഗിൾ നൽകിയിരുന്നു.പിരിച്ചുവിടലുകൾ ഒഴിവാക്കി സമാധാനപരമായ രീതിയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് ഗൂഗിൾ മാർഗം സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തൽ.

  • Share This Article
Drisya TV | Malayalam News