Drisya TV | Malayalam News

ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അരങ്ങേറ്റം കുറിച്ച് യമഹ

 Web Desk    2 Feb 2026

ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അരങ്ങേറ്റം കുറിച്ച് യമഹ. തങ്ങളുടെ ആദ്യ ഇലക്ട്രിക് മോഡലായ EC-06 കമ്പനി പുറത്തിറക്കി. യമഹയുടെ പ്രീമിയം ബ്ലൂ സ്ക‌്വയർ ഡീലർഷിപ്പുകൾ വഴി തിരഞ്ഞെടുത്ത നഗരങ്ങളിലാണ് തുടക്കത്തിൽ വാഹനം വിൽപനയ്ക്ക് എത്തുക. റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിന്റെ അതേ പ്ലാറ്റ്ഫോമിലാണ് EC-06 നിർമിച്ചിരിക്കുന്നത്.

6.7 kW പീക്ക് പവറും 26 Nm ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്ന കരുത്ത്. ഒരു ഇന്റീരിയർ പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ (IPMSM) 4kWh ഫിക്സഡ് ബാറ്ററിയോടുകൂടിയാണ് വരുന്നത്. വീട്ടിലെ സാധാരണ പ്ലഗ് ഉപയോഗിച്ച് എളുപ്പത്തിൽ ചാർജ് ചെയ്യാം. പൂർണമായും ചാർജാകാൻ ഏകദേശം എട്ട് മണിക്കൂർ വേണം. ഒറ്റ ചാർജിൽ 169 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. മണിക്കൂറിൽ 79 കിലോമീറ്ററാണ് ഉയർന്ന വേഗത. 

ബ്ലൂയിഷ് വൈറ്റ് നിറത്തിലാകും വാഹനം ലഭ്യമാവുക. നഗരങ്ങളിൽ സ്റ്റൈലിഷ്, പ്രായോഗിക, പരിസ്ഥിതി സൗഹൃദ യാത്ര എന്നിവ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട്, ആഗോള കാഴ്ചപ്പാടോടെ ഇന്ത്യയിൽ രൂപകൽപന ചെയ്‌ത വാഹനമാണിത് എന്നാണ് യമഹ പറയുന്നത്.

കൃത്യമായ ബ്രേക്കിങ്ങിനായി മുന്നിലും പിന്നിലും 200 എംഎം ഡിസ്ക് ബ്രേക്കുകളും കോംബി ബ്രേക്ക് സിസ്റ്റവും (CBS) സജ്ജമാക്കിയിട്ടുണ്ട്.. LED ഹെഡ്ലൈറ്റുകളും ടെയിൽലൈറ്റുകളും ലോ-ലൈറ്റ് സാഹചര്യങ്ങളിൽ കാഴ്ച മെച്ചപ്പെടുത്തുകയും സ്കൂട്ടറിന് ആകർഷകമായ രൂപം നൽകുകയും ചെയ്യുന്നു.

  • Share This Article
Drisya TV | Malayalam News