Drisya TV | Malayalam News

ഇന്ത്യയിലേക്കില്ല, ട്വന്റി20 ലോകകപ്പിൽ  ബംഗ്ലദേശിന് പകരം സ്കോട്‍ലൻഡ്

 Web Desk    22 Jan 2026

ബംഗ്ലദേശ് ട്വന്റി20 ലോകകപ്പ് കളിക്കില്ല. ടീമിന്റെ മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യാന്തരക്രിക്കറ്റ് കൗണ്‍സിൽ ഇതു പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം ചേർന്ന ഐസിസി ബോർഡ് യോഗം ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയിരുന്നു. തീരുമാനം അറിയിക്കാൻ ബംഗ്ലദേശിന് 24 മണിക്കൂർ സമയവും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബംഗ്ലദേശ് നിലപാടു പ്രഖ്യാപിച്ചത്.

തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് ബംഗ്ലദേശ് താരങ്ങളെയും കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലിനെയും ബിസിബി ഉദ്യോഗസ്ഥർ കണ്ടിരുന്നു. ബംഗ്ലദേശിനു പകരം സ്കോട്‌ലൻഡ് ലോകകപ്പിനു യോഗ്യത നേടും. റാങ്കിങ് പരിഗണിച്ചാണ് സ്കോട്‌‍ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തുന്നത്. മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്നായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ബംഗ്ലദേശ് ബോർഡ് ആരോപിച്ചെങ്കിലും പാക്കിസ്ഥാൻ മാത്രമാണ് ഇതിനെ പിന്തുണച്ചത്.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലും ഒറ്റപ്പെട്ടതോടെയാണ് മത്സരിക്കാനില്ലെന്ന് ബംഗ്ലദേശ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ സുരക്ഷാ പ്രശ്നങ്ങൾ മാറിയിട്ടില്ലെന്ന് ആസിഫ് നസ്റുൽ പ്രതികരിച്ചു. ‘‘ഞങ്ങളുടെ താരങ്ങൾ കഠിനാധ്വാനം ചെയ്താണ് ലോകകപ്പിനു യോഗ്യത നേടിയത്. ഇന്ത്യയുടെ സുരക്ഷാ സാഹചര്യങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. കൃത്യമായ നിരീക്ഷണങ്ങൾക്കു ശേഷമാണ് സുരക്ഷയിൽ ആശങ്ക ഉന്നയിച്ചത്. ഞങ്ങൾ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.’’

‘‘ബംഗ്ലദേശിന്റെ ആവശ്യം പരിഗണിച്ച് ഐസിസി നീതി നടപ്പാക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയിൽ കളിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.’’– ആസിഫ് നസ്റുൽ പറഞ്ഞു. ബംഗ്ലദേശിന് ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പക്ഷേ ഇന്ത്യയിലേക്കില്ലെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്‍ലാം ബുൽബുലും പറഞ്ഞു. ബംഗ്ലദേശിനെപ്പോലെ ഒരു രാജ്യം ലോകകപ്പിന് ഇല്ലെങ്കിൽ അത് ഐസിസിയുടെ തോൽവിയാണെന്നും അമിനുൽ അവകാശപ്പെട്ടു.

  • Share This Article
Drisya TV | Malayalam News