ബഹിരാകാശ പദ്ധതികളിൽ ചൈനീസ് പൗരന്മാരെ വിലക്കിയിരിക്കുകയാണ് നാസ. യു.എസ് വിസയുണ്ടെങ്കിലും നാസയുടെ വിലക്ക് ബാധകമാകും. ചൈനയും അമേരിക്കയും ചന്ദ്രനിലേക്ക് ആളുകളെ അയയ്ക്കാൻ പദ്ധതിയിടുന്ന സമയത്താണ് സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാസയുടെ ഈ നീക്കം.
സൈബർ സുരക്ഷയും, നാസയുടെ വിവിധ സംവിധാനങ്ങളിലേക്കുള്ള ആക്സസും തടയുകയാണ് ലക്ഷ്യം. ബഹിരാകാശ ഏജൻസിയുടെ സുരക്ഷ ഉറപ്പാക്കാനാണ് ചൈനീസ് പൗരന്മാരെ ഒഴിവാക്കാനുള്ള നാസയുടെയും യുഎസിന്റെയും തീരുമാനം. നാസ ചൈനീസ് പൗരന്മാരെ തടയുകയും പദ്ധതികളിലേക്കുള്ള അവരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുമുണ്ട്. ഇതിനായി നടപടി സ്വീകരിച്ചതായി നാസയുടെ പ്രസ് സെക്രട്ടറി ബെഥാനി സ്റ്റീവൻസ്റി അറിയിച്ചു. ഇതോടെ ശാസ്ത്രവിദ്യാർത്ഥികളുൾപ്പെടെ നിരവധിപേർ വെട്ടിലായിരിക്കുകയാണ്. ചൈനയുമായുള്ള യുഎസ് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ഇത്. മുൻപ് കോൺട്രാക്ടർമാരായോ വിദ്യാർഥികളായോ ഗവേഷണം ചെയ്തിരുന്ന വ്യക്തികൾക്ക് സെപ്റ്റംബർ അഞ്ച് മുതൽ നാസയുടെ ഐടി സംവിധാനങ്ങളിലേക്കും മീറ്റിങ് ഉൾപ്പെടെയുള്ളവയിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്.
യുഎസ് ആർട്ടെമിസ് പ്രോഗ്രാമിന് കീഴിൽ 2027-ൽ ചന്ദ്രനിൽ ഇറങ്ങാൻ അമേരിക്ക പദ്ധതിയിടുന്നുണ്ട്. എന്നാൽ ഈ നീക്കത്തിന് ചില കാലതാമസ്സങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം, 2030ഓടെ ചൈന തങ്ങളുടെ പ്രോഗ്രാമിന് കീഴിൽ ചൈനീസ് ബഹിരാകാശയാത്രികനെ അയക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. യു.എസും ചൈനയും തമ്മിലുള്ള ബഹിരാകാശ യുദ്ധം കടുക്കുന്നതിന്റെ സൂചനയാണിത്.