ഡ്രൈവിങ് പഠിക്കാനും,പഠിച്ചാലും വാഹനം റോഡിലിറക്കാനും പേടിച്ചുനിൽക്കുന്നവർക്ക് പോംവഴിയൊരുക്കി കെഎസ്ആർടിസി ഡ്രൈവിങ് സിമുലേറ്റർ സംവിധാനം.
വയനാട് ജില്ലയിലെ ഏക കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ പ്രവർത്തിക്കുന്ന മാനന്തവാടിയിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.വാഹനങ്ങൾ റോഡിലിറക്കാതെ കാറിലിരുന്ന് ഡ്രൈവിങ്ങിന്റെ ആദ്യപാഠങ്ങൾ പഠിക്കാമെന്നതാണ് ഡ്രൈവിങ് സിമുലേറ്ററിൻ്റെ പ്രത്യേകത. ജില്ലയിൽ ആദ്യമായി ആധുനികരീതിയിലുള്ള സിമുലേറ്റർ സംവിധാനമൊരുക്കിയതും കെഎസ്ആർടിസിയാണ്. വാഹനത്തിൽ ഇരിക്കുന്ന അതേപ്രതീതിയാണ് ഡ്രൈവിങ് സിമുലേറ്ററിലിൽ ഇരിക്കുമ്പോൾ ലഭിക്കുന്നത്. ഗെയിം കളിക്കുന്നതുപോലെ നാം ഓടിക്കുന്നരീതിയിൽ വാഹനം നീങ്ങുന്നതായാണ് സ്ക്രീനിലൂടെ അനുഭവപ്പെടുക.
18 ലക്ഷം രൂപ ചെലവുവരുന്ന സിമുലേറ്ററാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂകൂളിൽ സ്ഥാപിച്ചിട്ടുള്ളത്. ഡ്രൈവ് ചെയ്യുന്നതിനാവശ്യമായ സ്റ്റിയറിങ്, ഗിയർ, ക്ലച്ച്, ബ്രേക്ക്, ആക്സിലറേറ്റർ, ഹാൻഡ്ബ്രേക്ക്, ഹോൺ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
സിമുലേറ്ററിന്റെ ഭാഗമായുള്ള സ്ക്രീനിലൂടെ പരിശീലനം നേടുമ്പോൾ റോഡിലൂടെ വാഹനമോടിക്കുന്ന അതേ പ്രതീതിയാണുണ്ടാവുന്നത്. പരിശീലനത്തിനാവശ്യമായ ശബ്ദസന്ദേശങ്ങളും ലഭിക്കുന്നുണ്ട്. വാഹനത്തെക്കുറിച്ച് പൂർണമായും മനസ്സിലാക്കി പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സിമുലേറ്റർ സജ്ജീകരിച്ചത്.