Drisya TV | Malayalam News

മദ്യലഹരിയിൽ കാറിലെത്തി ഓട്ടോറിക്ഷയ്ക്കു പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറിന് സസ്‌പെന്‍ഷന്‍

 Web Desk    12 Sep 2025

മദ്യലഹരിയിൽ കാറിലെത്തി ഓട്ടോറിക്ഷയ്ക്കു പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ നാട്ടുകാർ 'പിടികൂടി' പോലീസിനു കൈമാറി. പിന്നാലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.എറണാകുളം ആർടി ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.എസ്. ബിനുവിനെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ബിനുവിനെതിരേ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുമുണ്ട്. ഓടിച്ച കാറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി തൃക്കാക്കര തോപ്പിൽ ജങ്ഷനിലായിരുന്നു സംഭവം. ഇവിടെ റോഡരികിൽ മീൻകച്ചവടം ചെയ്യുന്ന ദമ്പതിമാരുടെ ഓട്ടോറിക്ഷ കണ്ട് 'കർത്തവ്യബോധം' ഉണർന്ന് പിഴ ചുമത്താൻ ഇറങ്ങിയ ഉദ്യോഗസ്ഥനാണ് ഊരാക്കുടുക്കിൽ പെട്ടത്. അതുവഴി സ്വന്തം വാഹനത്തിൽ സിവിൽ ഡ്രസ്സിലാണ് വെഹിക്കിൾ ഇൻസ്പെക്ടർ 'ഡ്യൂട്ടി'ക്കിറങ്ങിയത്. താൻ വെഹിക്കിൾ ഇൻസ്പെക്ടറാണെന്ന് പരിചയപ്പെടുത്തിയ ബിനു അനധികൃതമായി ഓട്ടോറിക്ഷയിൽ കച്ചവടം നടത്തിയതിന് പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭവമറിഞ്ഞെത്തിയ ഇവരുടെ ഭർത്താവിനോടും വ്യാഴാഴ്ച ഓഫീസിലെത്തി പിഴയൊടുക്കണമെന്ന് ഭീഷണി മുഴക്കി.

ഇതിനിടെ നാട്ടുകാരും തടിച്ചുകൂടി. വെഹിക്കിൾ ഇൻസ്പെക്ടറുടെ സംസാരത്തിലും ഭാവത്തിലും പന്തികേടും മദ്യത്തിന്റെ രൂക്ഷഗന്ധവും അനുഭവപ്പെട്ടതോടെ നാട്ടുകാർ ഉദ്യോഗസ്ഥനോട് തിരികെ ചോദ്യങ്ങൾ ചോദിച്ചു. തുടർന്ന് ഉദ്യോഗസ്ഥനും നാട്ടുകാരും തമ്മിൽ വാക്കുതർക്കമായി. പോലീസെത്തിയിട്ട് പോയാൽ മതിയെന്നു പറഞ്ഞ് നാട്ടുകാർ വെഹിക്കിൾ ഇൻസ്പെക്ടറെ തടഞ്ഞുവെച്ചു. ഒടുവിൽ തൃക്കാക്കര പോലീസ് എത്തി ബിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതോടെ കേസെടുക്കുകയായിരുന്നു. മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപമര്യാദയായി സംസാരിച്ചതിനും നാട്ടുകാർ തടഞ്ഞുവെച്ചുവെന്ന എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടെ റിപ്പോർട്ടിനെയും തുടർന്നാണ് ബിനുവിനെ അന്വേഷണ വിധേയമായി ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മൂവാറ്റുപുഴ ആർടിഒയെ ചുമതലപ്പെടുത്തി.

  • Share This Article
Drisya TV | Malayalam News