നേപ്പാളിലെ കാഠ്‌മണ്ഡുവിൽ പ്രതിഷേധക്കാർ തീയിട്ട ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രാജേശ് ഗോല (57) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാംവീർ സിംഗ് ഗോല (58) പരിക്കുകളോടെ രക്ഷപ്പെട്ടു. കാഠ്‌മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്താനായാണ് ഇരുവരും നേപ്പാളിൽ എത്തിയത്.
സെപ്റ്റംബർ ഏഴിനാണ് ഇവർ നേപ്പാളിൽ എത്തിയത്, ഹയാത്ത് റീജൻസി ഹോട്ടിലിലായിരുന്നു താമസം. 'ജെൻ സീ' പ്രതിഷേധം രൂക്ഷമായതോടെ സെപ്റ്റംബർ ഒമ്പതിന് രാത്രി പ്രകടനക്കാർ ഈ ഹോട്ടലിന് തീയിടുകയായിരുന്നു. ഹോട്ടലിന്റെ താഴത്തെ നിലയിൽ തീ പടർന്നുപിടിച്ചതോടെ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞു. പിന്നാലെ, രാംവീറും രാജേശും രക്ഷപ്പെടാനുള്ള മറ്റ് വഴികൾ നോക്കുന്നതിനിടയിലാണ് യുവതിക്ക് ജീവൻ നഷ്‌ടപ്പെട്ടത് എന്നാണ് വിവരം.
ബന്ധുക്കൾ പറയുന്നതനുസരിച്ച്; ഹോട്ടലിന്റെ നാലാമത്തെ നിലയിലായിരുന്നു രാംവീറും ഭാര്യയും താമസിച്ചിരുന്നത്. ചൊവ്വാഴ്‌ച രാത്രിയോടെ ജനക്കൂട്ടം ഹോട്ടലിലേക്ക് ഇരച്ചുകയറി തീയിട്ടു. കോണിപ്പടികളിൽ പുക നിറഞ്ഞതോടെ താമസക്കാർക്ക് അതുവഴി രക്ഷപ്പെടാൻ കഴിയാത്ത സ്ഥിതിയായി. ഈ സമയം, രക്ഷാപ്രവർത്തകർ കെട്ടിടത്തിന്റെ താഴെ മെത്തകൾ വിരിച്ച് രാംവീറിനോടും രാജേഷിനോടും ജനലിലൂടെ താഴേക്ക് ചാടാൻ ആവശ്യപ്പെട്ടു.
ഇതോടെ രാംവീർ മുറിയിലെ ജനൽച്ചില്ല് തകർത്ത്, ഷീറ്റുകൾ കൂട്ടിക്കെട്ടി അതിലൂടെ പിടിച്ച് താഴെ മെത്തയിലേക്ക് ചാടി. ഇതേരീതിയിൽ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ രാജേശ് കാൽവഴുതി പുറകിലേക്ക് മലർന്ന് തലയിടിച്ച് വീഴുകയായിരുന്നു എന്ന് ഇവരുടെ മൂത്തമകൻ വിശാലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ രാജേശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്തസ്രാവം മൂലം പാതിവഴിയിൽവെച്ച് തന്നെ ജീവൻ നഷ്ടപ്പെട്ടു.