Drisya TV | Malayalam News

ശബരിമല ശ്രീകോവിലിൻ്റെ സ്വർണപ്പാളികൾ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തിൽ പരിശോധന കടുപ്പിച്ച് ഹൈക്കോടതി

 Web Desk    12 Sep 2025

ശബരിമല ശ്രീകോവിലിൻ്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തിൽ പരിശോധന കടുപ്പിച്ച് ഹൈക്കോടതി. ശബരിമല ശ്രീകോവിൽ ഉൾപ്പെടെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് 1998 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി നിർദേശിച്ചു. ശ്രീകോവിൽ, ദ്വാരപാലക ശിൽപം, ലിന്റൽ, കമാനം തുടങ്ങിയവ സ്വർണം പൂശിയതു മുതൽ ഇതുവരെയുള്ള റജിസ്‌റ്റർ, മഹസർ ഉൾപ്പെടെ മുഴുവൻ രേഖകളും ഹാജരാക്കാനാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിർദേശം. അതേസമയം, കോടതിയുടെ അനുമതി തേടാതെ സ്വർണപ്പാളികൾ ചെന്നൈയ്ക്കു കൊണ്ടുപോയതിൽ ദേവസ്വം ബോർഡ് കോടതിയിൽ ക്ഷമാപണം നടത്തി.

സ്വർണം പൂശലുമായി ബന്ധപ്പെട്ട് ആറന്മുള തിരുവാഭരണ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ ഇന്നു തന്നെ ഹാജരാക്കാനാണ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്. സ്വർണപ്പാളികൾ അറ്റകുറ്റ പണിക്കു കൊണ്ടുപോയ ചെന്നൈയിലെ 'സ്മ‌ാർട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു. 2019ൽ ചെന്നൈ മലയാളിയാണ് ഈ സ്ഥാപനം വഴി സ്വർണപ്പാളികൾ സ്പോൺസർ ചെയ്തത്. തുടർന്ന് ഇത്തവണത്തെ അറ്റകുറ്റ പണി നടത്താനായി ഈ സ്ഥാപനത്തിലേക്കു തന്നെ കൊണ്ടുപോവുകയായിരുന്നു എന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്.

1998ൽ വ്യവസായിയായ വിജയ് മല്യ ശബരിമല ശ്രീകോവിൽ സ്വർണം പൂശിയിരുന്നു. അന്നു മുതലുള്ള എല്ലാ രേഖകളും ഹാജരാക്കാനാണ് ഇന്നു കോടതി നിർദേശിച്ചിരിക്കുന്നത്. സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ഏതൊക്കെ രീതികളാണ് അന്നുമുതൽ അനുവർത്തിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാനാണ് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നതെന്നു കോടതി സൂചിപ്പിച്ചു. നേരത്തെ, സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നു ദേവസ്വംബോർഡ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണി നിർത്തിവച്ചു. ഇക്കാര്യം ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ പണി മാത്രം അവശേഷിക്കെയാണ് അറ്റകുറ്റപ്പണി നിർത്തിയത്.

  • Share This Article
Drisya TV | Malayalam News