അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഹൈക്കോടതി. സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് ഉത്തരവ്. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ഓള്‍ കേരള അക്ഷയ എന്റര്‍പ്രണേഴ്സ് കോണ്‍ഫെഡറേഷന്റെ ഹരജിയും കോടതി തള്ളി.
വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് പുതിയ സര്‍വീസ് ചാര്‍ജ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ആഗസ്റ്റ് ആറിനാണ് അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 സേവനങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. എന്നാല്‍, പ്രവൃത്തികളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, ചെലവ് എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ ഹൈകോടതിയെ സമീപിച്ചത്.