Drisya TV | Malayalam News

ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ ചേരുന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം

 Web Desk    11 Sep 2025

ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ ചേരുന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. റഷ്യയിലേക്ക് പോയ ഇന്ത്യക്കാരിൽ പലർക്കും യുക്രൈൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടിവരുന്നുവെന്ന മാധ്യമറിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ഈയടുത്ത് റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാർ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും വിഷമതകളെക്കുറിച്ചും കഴിഞ്ഞ ഒരുവർഷത്തിനിടെ പലവട്ടം സർക്കാർ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണെന്നും വിദേശകാര്യ സെക്രട്ടറി രൺദീപ് ജയ്സ്വാൾ സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച പ്രസ്‌താവനയിൽ അറിയിച്ചു.

ഈ നടപടി അവസാനിപ്പിക്കണമെന്നും ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലെയും മോസ്കോയിലെയും റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രൺധീർ ജയ്‌സ്വാൾ പ്രസ്‌താവനയിൽ വ്യക്തമാക്കി. ബാധിക്കപ്പെട്ട ഇന്ത്യൻപൗരന്മാരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ അപകടംനിറഞ്ഞ വഴിയായതിനാൽ റഷ്യൻ സൈന്യത്തിൽ ചേരാനുള്ള ഏത് വാഗ്ദ‌ാനത്തിൽനിന്നും ഒഴിഞ്ഞുമാറണമെന്ന് ഇന്ത്യൻ പൗരന്മാരോട് വീണ്ടും അഭ്യർഥിക്കുന്നതായും രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ അറിയിച്ചു.

കൺസ്ട്രക്ഷൻ മേഖലയിൽ ജോലി വാഗ്ദാനംചെയ്ത്‌ത്‌ റഷ്യയിലെത്തിച്ച രണ്ട് ഇന്ത്യൻ യുവാക്കളെ യുക്രൈൻ യുദ്ധത്തിന്റെ മുന്നണിയിലേക്ക് കൊണ്ടുപോയെന്ന 'ദ ഹിന്ദു'വിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രതികരണം. നിലവിൽ ഈ രണ്ട് യുവാക്കളും കിഴക്കൻ യുക്രൈനിലാണുള്ളത്. ചുരുങ്ങിയത് പതിമൂന്നോളം ഇന്ത്യക്കാരും സമാനസാഹചര്യത്തിൽ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടെന്നും യുവാക്കൾ ഫോൺമുഖാന്തരം അറിയിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News