എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകനിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകള്‍ക്ക് ആണെങ്കിലും നിയമനത്തിനു മുൻപ് പ്രവേശന പരീക്ഷ നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അധ്യാപകര്‍ക്ക് പ്രമോഷനുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വേണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അധ്യാപക അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ഇപ്പോള്‍ അത് പ്രിന്‍സിപ്പലിനും പ്രധാനാധ്യാപകനും മാത്രമാണുള്ളത്. ഇക്കാര്യം അധ്യാപക സംഘടനകളുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളും. അധ്യാപക യോഗ്യതയ്ക്കുള്ള പരീക്ഷ എഴുതി യോഗ്യത നേടുന്നതില്‍ ഉദാസീനത കാണിക്കുകയോ പരീക്ഷ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നത് മാന്യതയ്ക്ക് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.
ഓരോ വിദ്യാർഥിയുടെയും നാട്ടിലെ രക്ഷകര്‍ത്താവ് അധ്യാപകനാണ്. വിദ്യാർഥികളുടെ മുന്നില്‍ എല്ലാ കാര്യത്തിലും മാതൃക എന്നത് അധ്യാപകനാണ്. അതിന് അനുസരിച്ച് എല്ലാ കാര്യത്തിലും നമ്മുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന ആത്മപരിശോധന നടത്തണം. ഒരു സ്‌കൂളിന്റെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ആദ്യ ഉത്തരവാദി സ്‌കൂളിലെ പ്രിന്‍സിപ്പലും, എച്ച്എമ്മും അടക്കമുള്ള അധ്യാപക ലോകമാണ്. ചില പ്രഥമാധ്യാപകര്‍ സ്‌കൂളിലെ ചുമതല ഏറ്റെടുക്കുമ്പോള്‍ ആ സ്‌കൂള്‍ നല്ലവണ്ണം പുരോഗമിക്കുന്നു. എന്നാല്‍ ചില അധ്യാപകര്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ ആ സ്‌കൂളില്‍ നാശം തുടങ്ങുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഓരോ വിദ്യാര്‍ഥിയുടെയും ഭാവിയാണ് ഓരോ അധ്യാപകന്റെയും കൈകളില്‍ ഏല്‍പ്പിക്കുന്നത്. ആ വിദ്യാർഥിയെ വളര്‍ത്തിക്കൊണ്ടു വരാന്‍ അധ്യാപകന് ഉത്തരവാദിത്തമുണ്ട്. ഓരോ ക്ലാസിലെയും കുട്ടികള്‍ ഒരു പ്രത്യേക വിഷയത്തിന് തോറ്റാല്‍ അതിന് ആദ്യം മറുപടി പറയേണ്ടത് ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകനാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന അധ്യാപക അവാര്‍ഡ് വരും വര്‍ഷങ്ങളില്‍ ഇരുപതിനായിരം രൂപയായി ഉയര്‍ത്തും. എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങള്‍ക്ക് നല്‍കി വരുന്ന പ്രഫസര്‍ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് തുക വരും വര്‍ഷങ്ങളില്‍ 25,000 രൂപയാക്കുമെന്നും മന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രീപ്രൈമറിയില്‍ പ്രവേശിപ്പിക്കുന്ന സ്‌കൂളിനും ഏറ്റവും കൂടുതല്‍ കുട്ടികളെ എസ്എസ്എല്‍സി. പരീക്ഷയ്ക്ക് ഇരുത്തുന്ന സ്‌കൂളിനും ഏറ്റവും കൂടുതല്‍ കുട്ടികളെ പ്ലസ് ടു പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂളിനും മുഖ്യമന്ത്രിയുടെ പേരിലുള്ള സിഎം എവറോളിങ് ട്രോഫി പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.