ശബരിമല ശ്രീകോവിൽ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കിയെടുത്തത് അനുചിതമെന്ന് ഹൈക്കോടതി. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
ശബരിമലയിലെ എല്ലാ അറ്റകുറ്റപ്പണികൾക്കും മുൻപായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണമെന്ന നിർദേശം പാലിക്കാതെയാണ് സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് ശബരിമല സ്പെഷ്യൽ കമ്മിഷണർ ജസ്റ്റിസ് ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോർട്ടിലാണ് ദേവസ്വം ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങുന്നതിന് മതിയായ സമയമുണ്ടായിരുന്നു. എന്നിട്ടും അനുമതി വാങ്ങാതെ ഇപ്രകാരം ചെയ്‌ത് ശരിയായില്ലെന്നാണ് കോടതി വാക്കാൽ നിരീക്ഷിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ദേവസ്വംബോർഡ് വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. അടുത്തദിവസം ദേവസ്വംബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.
തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെയാണ് പാളികൾ കൊണ്ടുപോയതെന്നാണ് ദേവസ്വം വിശദീകരണം. ഞായറാഴ്‌ച രാത്രി എട്ടരയ്ക്കുശേഷമാണ് പാളികൾ ഇളക്കിയത്. ഇവ നിർമിച്ച് സമർപ്പിച്ച സ്ഥാപനത്തിലേക്കാണ് കൊണ്ടുപോയത്. തിരുവാഭരണം കമ്മിഷണർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സുരക്ഷിതവാഹനത്തിലാണ് പാളികൾ കൊണ്ടുപോയതെന്ന് ദേവസ്വംബോർഡ് അറിയിച്ചു. സെപ്റ്റംബർ 19-ന് അറ്റകുറ്റപ്പണികൾക്കുശേഷം തിരികെ എത്തിക്കും.