വടക്കൻ തുർക്കിയിലെ എറെഗ്ലി ജില്ലയിലെ സോംഗുൽഡാക്ക് തീരത്ത് ചൊവ്വാഴ്‌ചയാണ് സംഭവം.കന്നി യാത്ര തുടങ്ങി പതിനഞ്ച് മിനിറ്റ് മാത്രം കഴിഞ്ഞതിന് ശേഷമാണ് ഏകദേശം 1 മില്യൺ ഡോളർ (ഏകദേശം ഒമ്പത് കോടിയോളം ഇന്ത്യൻ രൂപ) വിലമതിക്കുന്ന പുത്തൻ ആഡംബര നൗക മുങ്ങിയത്. ഡോൾസ് വെന്റേ്റോ (Dolce Vento) എന്ന നൗകയാണ് മുങ്ങിയത്. ഏകദേശം 85 അടി നീളമുള്ള ബോട്ട് മുങ്ങിയ ശേഷം കപ്പലിന്റെ ഉടമ കരയിലേക്ക് നീന്തുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായതായി ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സൂപ്പർയാച്ച് ടൈംസ് റിപ്പോർട്ട് പ്രകാരം മെഡ് യിൽമാസ് കപ്പൽശാലയിലാണ് നൗക നിർമിച്ചത്. ബോട്ട് മുങ്ങാൻ തുടങ്ങിയതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. അവർ ഉടൻ തന്നെ കപ്പലിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടി. കപ്പലിൻ്റെ ഉടമയും ക്യാപ്റ്റനും അവരോടൊപ്പം ചേർന്നു.സോംഗുൽഡാക്ക് തീരത്ത് കപ്പൽ പതുക്കെ വെള്ളത്തിലേക്ക് താഴ്ന്നു കൊണ്ടിരിക്കുമ്പോൾ തന്നെ കപ്പൽ ഉടമയും മറ്റുള്ളവരും ശാരീരികമായി പരിക്കേൽക്കാതെ നീന്തി കരയിലെത്തി. സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ഡോൾസ് വെന്റോയുടെ സാങ്കേതിക പരിശോധനകൾ ഉടൻ നടത്തുമെന്ന് കപ്പൽശാല അധികൃതർ പറഞ്ഞു.