Drisya TV | Malayalam News

21 വര്‍ഷം മുമ്പു കളഞ്ഞുപോയ മൂന്നരപ്പവര്‍ സ്വര്‍ണമാല തിരികെ നല്‍കി അജ്ഞാതൻ

 Web Desk    9 Sep 2025

21 വർഷം മുമ്പു വഴിയിൽ കളഞ്ഞുപോയ മൂന്നരപ്പവൻ്റെ സ്വർണമാല കിട്ടിയ ആൾ വർഷങ്ങൾക്കു ശേഷം പ്രായശ്ചിത്തം ചെയ്‌തു. അന്നത്തെ ജീവിത സാഹചര്യത്തിൽ അതെടുത്ത് ഉപയോഗിച്ചുപോയ ആൾ രണ്ടു പതിറ്റാണ്ടു കഴിഞ്ഞാണ് ആ കുറ്റബോധം തീർത്തത്.

സ്വർണത്തിന്റെ വില എൺപതിനായിരത്തിലെത്തുമ്പോഴാണ് അന്നത്തെ മാലയുടെ അത്രയും തൂക്കം വരുന്ന പുതിയ മാല വാങ്ങി അജ്ഞാതൻ ഉടമക്ക് പാഴ്സലായി അയച്ചത്. പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലാണു സംഭവം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലിപ്പുറം പട്ടന്മാരുടെതൊടി പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ മൂന്നരപ്പവൻ മാല വീണുപോയത്. അന്ന് മാല കണ്ടെത്താൻ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വർഷങ്ങൾ കടന്നുപോയതോടെ അവർ മാലയേക്കുറിച്ച് മറന്നു.

കഴിഞ്ഞദിവസം, ഒരു കൊരിയർ സമീപത്തെ കടയിൽ ഏൽപ്പിച്ചതായി ഖദീജയുടെ മകൻ ഇബ്രാഹിമിൻ്റെ നമ്പറിലേക്കഒരു ഫോൺവന്നു. വീട്ടുകാർ കൊറിയർ കൈപ്പറ്റി തുറന്നപ്പോഴാണ് അമ്പരന്നത്. വർഷങ്ങൾക്ക് മുൻപ് നഷ്ടമായ മാലയുടെ സമാനമായ മാലയും ഒരു കുറിപ്പും. വർഷങ്ങൾക്ക് മുൻപ് താങ്കളുടെ പക്കൽ നിന്നും കളഞ്ഞുപോയ ഒരു സ്വർണാഭരണം അന്നെനിക്ക് ലഭിച്ചിരുന്നു. അന്നത്തെ എൻ്റെ പ്രത്യേക സാഹചര്യത്തിൽ അത് ഉപയോഗിക്കേണ്ടി വന്നു. ഇന്ന് ഞാൻ അതിൻ്റെ പേരിൽ വല്ലാതെ ദുഃഖിതനാണ്.

ആയതിനാൽ സമാനമായ ഒരു ആഭരണം വച്ചിട്ടുണ്ട്. ഇത് താങ്കൾ സന്തോഷത്തോടെ സ്വീകരിച്ച് പൊരുത്തപ്പെട്ടു തരണം. താങ്കളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ അഭ്യർഥിക്കുന്നുവെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. പവന് വില എൺപതിനായിരത്തിനോട് അടുത്ത് എത്തുമ്പോഴാണ് വർഷങ്ങൾക്ക് മുൻപ് നഷ്ടമായ സ്വർണം അജ്ഞാതൻ തിരികെ നൽകുന്നത്. അന്നത്തെ സ്വർണമാല ഉപയോഗിച്ച ആൾ അതുകൊണ്ട് ഉയർന്ന ജീവിത നിലവാരം നേടിയിരിക്കാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

കൈപ്പിഴ തിരുത്താൻ കാണിച്ച മനസിനായി പ്രാർഥിക്കുകയാണ് ഖദീജയും കുടുംബവും.ലഭിച്ച ആഭരണം സ്വർണം തന്നെയാണെന്നു പരിശോധയിൽ വ്യക്തമായി. എന്തായാലും അജ്ഞാതനെ അന്വേഷിച്ച് പോകുന്നില്ലെന്നുകുടുംബം തീരുമാനിച്ചു.കൈപ്പിഴ തിരുത്താൻ കാണിച്ച ആ വലിയ മനസ്സിനെ ബഹുമാനിക്കുന്നുവെന്നുമാണ് ഖദീജയുടെ കുടുംബം പറയുന്നു.

  • Share This Article
Drisya TV | Malayalam News