Drisya TV | Malayalam News

യൂറോപ്യൻ യൂണിയനുമായി കൈകോർക്കാൻ ഇന്ത്യ

 Web Desk    8 Sep 2025

ട്രംപ് തുടരുന്ന തീരുവ ഭീഷണിക്കിടെ യൂറോപ്യൻ യൂണിയനുമായി കൈകോർക്കാൻ ഇന്ത്യ. സ്വതന്ത്രവ്യാപാര കരാർ ചർച്ചകളുടെ അടുത്തഘട്ടം ഇന്ത്യയിൽ വെച്ച് നടക്കും. ഈ വർഷം അവസാനത്തോടെ കരാറിന് അന്തിമ രൂപം നൽകാനാണ് നീക്കം.അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് കരാർ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. യൂറോപ്യൻ യൂണിയനിൽ കാർഷികം, വ്യാപാരം എന്നീ ചുമതലകൾ വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ ഈ ആഴ്ച തന്നെ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കരാറിലെ സങ്കീർണതകൾ ഒഴിവാക്കുകയാണ് ലക്ഷ്യം.

യൂറോപ്യൻ വ്യാപാര കമ്മിഷണർ മാരോസ് സെഫ്കോവിച്ചും കാർഷിക കമ്മിഷണർ ക്രിസ്റ്റോഫ് ഹാൻസെനും ആണ് ഇന്ത്യ സന്ദർശിക്കുക. കാബിനറ്റ് മന്ത്രിമാർക്ക് തുല്യ പദവികളാണ് ഇവർ രണ്ടുപേർക്കും. ബ്രസൽസിൽ നിന്ന് 30 അംഗ സംഘവും ഇവർക്കൊപ്പമുണ്ടാകുമെന്നാണ് വിവരം. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കാർഷിക മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.

ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപം, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് നേരത്തെ ചർച്ചകൾ നടന്നിരുന്നു. കരാർ യാഥാർഥ്യമായാൽ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികൾ ഇന്ത്യയ്ക്ക് തുറന്നുകിട്ടും.

നേരത്തെ യൂറോപ്പിലെ പ്രധാന രാജ്യമായ യുകെയുമായുള്ള വ്യാപാര കരാർ ഒപ്പുവെച്ചിരുന്നു. യൂറോപ്യൻ യൂണിയനുമായുള്ള കരാർ യാഥാർഥ്യമായാൽ യൂറോപ്പിലെ വിശാലമായ വിപണി ഏതാണ്ട് പൂർണമായും ഇന്ത്യയ്ക്ക് തുറന്നുകിട്ടും. ഇന്ത്യയിൽനിന്നുള്ള മരുന്നുകൾ, ടെക്സ്റ്റൈൽ, വാഹനങ്ങൾ എന്നിവയ്ക്ക് പുതിയ വിപണി ലഭിക്കും. ഇതിന് പുറമെ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം വർധിക്കും. സാങ്കേതികവിദ്യ കൈമാറ്റങ്ങൾ എളുപ്പമാകും. ഇതിലൂടെ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾക്കാണ് വഴിതുറക്കുക.

യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ ആന്റോണിയോ കോസ്റ്റയുമായും യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല ഫൊണ്ടെല്യനുമായും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.

സിങ്കപ്പുർ പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ഇരുവരെയും ക്ഷണിക്കുകയും ചെയ്തിരുന്നു.

വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നവീകരണം, സുസ്ഥിരത, പ്രതിരോധം, സുരക്ഷ, വിതരണ ശൃംഖല, പ്രതിരോധ ശേഷി തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ പുരോഗതി യൂറോപ്യൻ കൗൺസിൽ, യൂറോപ്യൻ കമ്മിഷൻ എന്നിവയുടെ നേതാക്കളുമായി മോദി ചർച്ച ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വേഗം യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് ഇരുവിഭാഗവും വിലയിരുത്തി. ഇരുപക്ഷത്തിനും താത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

ഇന്ത്യ-യൂറോപ്യൻ യുണിയൻ സ്വതന്ത്ര വ്യാപാരക്കരാർ ഉടൻ യാഥാർഥ്യയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞിരുന്നു.

  • Share This Article
Drisya TV | Malayalam News