റഷ്യൻ എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കുന്ന ട്രംപിൻ്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവോരോയ്ക്ക് മറുപടിയുമായി എക്സ് മേധാവി ഇലോൺ മസ്ക‌്. ഇന്ത്യ ലാഭത്തിനുവേണ്ടി മാത്രമാണ് റഷ്യൻ എണ്ണ വാങ്ങുന്നതെന്നും യുകയ്ൻ-റഷ്യ യുദ്ധത്തിന് മുൻപ് ഇന്ത്യ റഷ്യൻ എണ്ണ കാര്യമായി വാങ്ങിയിരുന്നില്ലെന്നും നവാരോ കഴിഞ്ഞദിവസം എക്സിൽ കുറിച്ചിരുന്നു. പുട്ടിൻ്റെ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്നും നവാരോ പറഞ്ഞിരുന്നു.
എന്നാൽ, ട്വീറ്റിനുതാഴെ നവാരോയുടെ വാദങ്ങളെ പൊളിച്ച് എക്സിന്റെ പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടു. ഇന്ത്യ ഊർജ സുരക്ഷയ്ക്കായാണ് റഷ്യൻ എണ്ണ വാങ്ങുന്നതെന്നും രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഫീച്ചർ വ്യക്തമാക്കിയത് നവാരോയ്ക്ക് കടുത്ത ക്ഷീണമായി. ഇതോടെ, നവാരോ ഇലോൺ മസ്കിനെതിരെ തിരിഞ്ഞു. ഇന്ത്യയ്ക്ക് അനുകൂലമായ 'പ്രോപഗാൻഡ' പ്രോത്സാഹിപ്പിക്കുകയാണ് മസ്കെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെയാണ് മറുപടിയുമായി മസ്ക് നേരിട്ട് രംഗത്തെത്തിയത്.
ഈ പ്ലാറ്റ്ഫോമിൽ (എക്സ്) എല്ലാം തീരുമാനിക്കുന്നത് ജനമാണെന്നും ഒറ്റവിഷയത്തിൽ നിരവധി വാദങ്ങൾ നിങ്ങൾക്ക് കേൾക്കാമെന്നും മസ്‌ക് എക്‌സിൽ കുറിച്ചു. "ആർക്കും ഇവിടെ ഇളവില്ല. കമ്യൂണിറ്റി നോട്സ് എല്ലാവരെയും തിരുത്തും. വാദങ്ങളെല്ലാം പൊതുജനത്തിന്റേതാണ്. കൂടുതൽ ഫാക്ട് ചെക്കിങ് ഗ്രോക്കും നടത്തും" - മസ്ക‌് പറഞ്ഞു.