പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇഷിബയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി കനത്ത പരാജയം നേരിട്ടിരുന്നു. ഉത്തരവാദിത്തമേറ്റ് രാജിവെക്കണമെന്ന് പാർട്ടിക്കുള്ളിൽ നിന്നു തന്നെ ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം.
തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ പാർലമെന്റിന്റെ ഇരുസഭയിലും ഇഷിബയ്ക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇഷിബയെ തഴഞ്ഞ് പുതിയ നേതാവിനെ കണ്ടെത്താനായി നേതൃ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണോയെന്ന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി തിങ്കളാഴ്ച തീരുമാനിക്കാനിരിക്കെയാണ് രാജി. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് ഇഷിബയ്ക്കെതിരായ അവിശ്വാസ പ്രമേയമായി മാറുമായിരുന്നു.
പാർട്ടി നേതാവെന്ന നിലയിൽ 2027 സെപ്തംബർ വരെ ഇഷിബയ്ക്ക് കാലാവധിയുണ്ടായിരുന്നു. പാർട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കും. കഴിഞ്ഞ ഒക്ടോബറിലാണ് ഷിഗേരു ഇഷിബ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഇഷിബയുടെ പ്രധാന എതിരാളിയായ സനേ ടക്കായിച്ചി, കൃഷി മന്ത്രി ഷിൻജീരോ കൊയ്സുമി എന്നിവർ പാർട്ടി നേതൃത്വ സ്ഥാനത്തേക്കു മത്സരിക്കുമെന്നാണു റിപ്പോർട്ടുകൾ.