ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്. എന്നിവർ തമ്മിലുണ്ടായ ഊഷ്‌മളമായ കൂടിക്കാഴ്ചകൾ അമേരിക്കൻ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. അമേരിക്കയുടെ ആഗോള മേധാവിത്വത്തിന് ഒരു ബദൽ ഉയർത്തുന്ന 'പുഞ്ചിരിക്കുന്ന ത്രിരാഷ്ട്ര കൂട്ടുകെട്ട്' എന്നാണ് പ്രമുഖ യുഎസ് മാധ്യമങ്ങൾ ഈ സൗഹൃദദൃശ്യങ്ങളെ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് ഈ പുതിയ കൂട്ടായ്മയ്ക്ക് പിന്നിലെ പ്രധാന പ്രേരണയെന്നും അവർ ചൂണ്ടിക്കാട്ടി.
റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ട്രംപ് 50% നികുതി ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ചകൾ നടന്നതെന്നത് ശ്രദ്ധേയമാണ്. ഇത് വാഷിങ്ടനിനുള്ള 'വ്യക്തമായ തിരിച്ചടി'യാണെന്ന് ഫോക്സ് ന്യൂസ് വിശേഷിപ്പിച്ചു.
മോദിയുടെ റഷ്യൻ ലിമോസിനിലെ യാത്ര ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായി ന്യൂയോർക്ക് ടൈംസ് വിലയിരുത്തി. യുഎസ് ആഗോള നേതൃത്വത്തിന് ഒരു ബദൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണിത് എന്നും അവർ അഭിപ്രായപ്പെട്ടു.