യുക്രൈനിലെ ഭരണസിരാകേന്ദ്രത്തിനു നേരെ റഷ്യൻ ആക്രമണം. കീവിലെ പെച്ചേഴ്്കി പ്രദേശത്തെ സർക്കാർ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. യുക്രൈൻ സൈനിക ഭരണ മേധാവി തിമർ തകച്ചെങ്കോ ഇക്കാര്യം സാമൂഹിക മാധ്യമത്തിൽ കൂടി അറിയിച്ചു. യുക്രൻ സർക്കാർ കെട്ടിടത്തിന് മുകളിൽനിന്ന് വൻതോതിൽ പുകപടലങ്ങൾ ഉയർന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.
പകരമായി റഷ്യയ്ക്ക് നേരെയും യുക്രൈൻ ആക്രമണം കടുപ്പിച്ചു. റഷ്യയുടെ ഊർജനിലയങ്ങളെ കേന്ദ്രീകരിച്ചാണ് യുക്രൈൻ ആക്രമണം നടത്തിയത്. നിരവധി ഡ്രോണുകൾ റഷ്യയ്ക്ക് നേരെ തൊടുത്തുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ റഷ്യയിലെ ബ്രസാൻസ്ക മേഖലയിലെ സ്രുഷ്ബ എണ്ണപൈപ്പ്ലൈൻ തകർന്നതായി യുക്രൈൻ ഡ്രോൺ സേനയുടെ കമാൻഡർ റോബർട്ട് ബ്രോവ്ഡി അവകാശപ്പെട്ടു. വ്യാപക നാശനഷ്ടമുണ്ടായാതായാണ് വിവരം.
കീവിൽ അർദ്ധരാത്രിയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടി അടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. പതിനെട്ടുപേർക്ക് പരിക്കേറ്റതായാണ് യുക്രൈൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ ആസ്ഥാനം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി. നഗരത്തിൽ ഡ്രോണുകൾ വർഷിച്ചതോടെയാണ് തങ്ങൾ ആക്രമണം ആരംഭിച്ചതെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
കീവിലെ പടിഞ്ഞാറൻ സ്വിയാറ്റോഷിൻസ്‌കി ജില്ലയിൽ, ഒമ്പത് നിലകളുള്ള ഒരു കെട്ടിടത്തിൻ്റെ നിരവധി നിലകൾ ഭാഗികമായി തകർന്നതായി ക്ലിറ്റ്ഷ്കോയും അടിയന്തര ഉദ്യോഗസ്ഥരും പറഞ്ഞു. ഡ്രോൺ അവശിഷ്‌ടങ്ങൾ വീണു 16 നിലകളുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലും ഒമ്പത് നിലകളുള്ള രണ്ട് കെട്ടിടങ്ങളിലും തീപിടുത്തമുണ്ടായി. യുക്രൈന്റെ നഗരമായ ക്രെമെൻചുകിൽ ഡസൻ കണക്കിന് സ്ഫോടനങ്ങൾ ഉണ്ടായതായും പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായും മേയർ വിറ്റാലി മലെറ്റ്സ്കി ടെലഗ്രാമിൽ കൂടി അറിയിച്ചു.