ഫെയ്‌സ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ സർക്കാർ. നേപ്പാളിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് കെ.പി. ശർമ്മ ഒലി സർക്കാരിന്റെ നടപടി.
രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളും രജിസ്റ്റർ ചെയ്യുന്നതുവരെ പ്രവർത്തനരഹിതമാക്കാൻ നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.' നേതാപ്പൾ വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കി. ആവർത്തിച്ചുള്ള അഭ്യർത്ഥനകളെത്തുടർന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നേപ്പാളിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഓഗസ്റ്റ് 28-ന് സർക്കാർ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ആ സമയപരിധി ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് നടപടി.
ബുധനാഴ്ച ഉച്ചകഴിഞ്ഞ്, മന്ത്രാലയത്തിൻ്റെ വക്താവായ ഗജേന്ദ്ര ഠാക്കൂർ, അർദ്ധരാത്രിക്ക് മുൻപ് സോഷ്യൽ മീഡിയ കമ്പനികൾ തങ്ങളെ സമീപിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു. അല്ലാത്തപക്ഷം, സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരും സമീപിക്കാത്ത സാഹചര്യത്തിൽ, വ്യാഴാഴ്ച മന്ത്രാലയത്തിൽ ചേർന്ന യോഗം നിരോധനം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.