ലോകമെമ്പാടുമുള്ള വാനനിരീക്ഷകർക്ക് കൗതുകമുണർത്തി സെപ്റ്റംബർ 7-8 തീയതികളിലെ പൂർണ്ണ ചന്ദ്രഗ്രഹണം. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ കൃത്യമായി വരുകയും ചന്ദ്രൻ്റെ ഉപരിതലത്തിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് അപൂർവമായ ആകാശവിസ്‌മയം സംഭവിക്കുന്നത്. ഇത് ചന്ദ്രന് ചുവപ്പും ഓറഞ്ചും കലർന്ന ആകർഷകമായ ഒരു തിളക്കം നൽകും. ബ്ലഡ് മൂൺ പ്രഭാവം എന്നറിയപ്പെടുന്ന ഈ ചുവപ്പ് നിറത്തിന് കാരണം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മിയിലെ ഗദൈർഘ്യം കുറഞ്ഞ നീല വെളിച്ചം ചിതറിപ്പോകുകയും, തരംഗദൈർഘ്യം കൂടിയ ചുവപ്പ് രശ്മികൾ ചന്ദ്രനിലേക്ക് വളയുകയും ചെയ്യുന്നതാണ്.
ഗ്രഹണത്തിന്റെ പൂർണ്ണദശാഘട്ടം 82 മിനിറ്റ് നീണ്ടുനിൽക്കും. ഇത് ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്നായി മാറും. സമീപ വർഷങ്ങളിൽ ഉണ്ടായതിൽവെച്ച് ഏറ്റവും വ്യാപകമായി കാണാൻ കഴിയുന്ന ഗ്രഹണങ്ങളിൽ ഒന്നാണിത്. തെളിഞ്ഞ ആകാശമുള്ള എവിടെ നിന്നും ഇത് ദൃശ്യമാകും. വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഇത് ദൃശ്യമാകില്ല, എന്നാൽ ലോകജനസംഖ്യയുടെ ഏകദേശം 85% പേർക്ക് ഇതിൻ്റെ ഒരു ഭാഗമെങ്കിലും കാണാൻ കഴിയും. ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്ട്രേലിയയിലെയും നിരവധി രാജ്യങ്ങളിൽ ഈ ഗ്രഹണം പൂർണ്ണമായി ദൃശ്യമാകും. യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്ട്രേലിയ,ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഒരു ഭാഗം ദൃശ്യമാകും.