Drisya TV | Malayalam News

ഓരോ കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പത്തുലക്ഷം രൂപയാക്കി വർധിപ്പിച്ച് പഞ്ചാബ് സർക്കാർ

 Web Desk    11 Jul 2025

പഞ്ചാബിലെ മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തിയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പത്തുലക്ഷം രൂപയാക്കി വർധിപ്പിച്ച് പഞ്ചാബ് സർക്കാർ. 'മുഖ്യമന്ത്രി സേഹത് ഭീമായോജന' പദ്ധതിയിലാണ് ഓരോ കുടുംബത്തിനുമുള്ള ഇൻഷുറൻസ് പരിരക്ഷപത്തുലക്ഷം രൂപയാക്കി വർധിപ്പിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മാന്നും ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും ചേർന്നാണ് ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്.

പഞ്ചാബിലെ 65 ലക്ഷത്തോളം കുടുംബങ്ങളാണ് പത്തുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാവുകയെന്ന് സർക്കാർ അധികൃതർ പറഞ്ഞു. പദ്ധതിയിൽ അംഗമായവർക്ക് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും എംപാനൽഡ് സ്വകാര്യ ആശുപത്രികളിലും പ്രതിവർഷം പത്തുലക്ഷം രൂപ വരെയുള്ള കാഷ്ലെസ് ചികിത്സ ഉറപ്പുനൽകുന്നതാണ് പദ്ധതി.

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പത്തുലക്ഷം രൂപയാക്കി ഉയർത്തുമെന്ന് 2025-26 വർഷത്തെ ബജറ്റിൽ ആംആദ്മി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 778 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിരുന്നു. ഒക്ടോബർ രണ്ടുമുതൽ ഗുണഭോക്താക്കൾക്ക് ഇത് ലഭ്യമായിതുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ പഞ്ചാബിലെ 45 ലക്ഷം കുടുംബങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. 16 ലക്ഷം കുടുംബങ്ങളാണ് കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ 'മുഖ്യമന്ത്രി സേഹത് ഭീമായോജന' പദ്ധതിയിൽ 29 ലക്ഷം കുടുംബങ്ങളുമുണ്ട്. ഈ രണ്ട് പദ്ധതിയിലും വർഷം അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജാണുള്ളത്. പുതിയ പ്രഖ്യാപനത്തിലൂടെ ഇവർക്ക് അഞ്ചുലക്ഷം രൂപയുടെ അധിക കവറേജ് കൂടി ലഭ്യമാകുമെന്നും പത്തുലക്ഷം രൂപ വരെ കാഷ്ലെസ് ചികിത്സ നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News