Drisya TV | Malayalam News

ജനകീയ വിഷയങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുത് - ജോസ് കെ മാണി

 Web Desk    14 Jul 2025

കോട്ടയം: സംസ്ഥാനത്തെ മലയോര മേഖലകളിലെ വന്യജീവി ആക്രമണവും നാട്ടിലുടനീളമുള്ള തെരുവുനായ ഭീഷണിയും കേരളം നേരിടുന്ന ഗുരുതരമായ സാമൂഹിക യാഥാര്‍ത്ഥ്യമാണെന്നും അവ ഉന്നയിക്കുമ്പോള്‍  അതിനെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി ചെയ്യാനാകാതെയും കൃഷിയിടങ്ങളില്‍ നിന്നും വിളവെടുക്കാനാകാതയും മലയോര കര്‍ഷകര്‍ യാതൊരു വരുമാനവും ഇല്ലാത്തവരായി മാറിയിരിക്കുന്നു.നിലനില്‍പ്പിനും അതിജീവനത്തിനുമായുള്ള അവരുടെ പോരാട്ടങ്ങളില്‍ കേരള കോണ്‍ഗ്രസ് എം കര്‍ഷകര്‍ക്കൊപ്പമാണ്.തെരുവിലെ നായ കൂട്ടങ്ങളുടെ ശല്യം കാരണം ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന രണ്ട് കേന്ദ്ര നിയമങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്താതെകേരളത്തിന് ഇനി മുന്നോട്ടു പോകാനാവില്ല.കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒരു പൊതു വികാരമായി കേന്ദ്രസര്‍ക്കാരില്‍ ഏവരും ചേര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തി എങ്കില്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ.ഇതിനായി അഭിപ്രായവ്യത്യാസങ്ങള്‍ അല്ല അഭിപ്രായ സമന്വമാണ് ജനങ്ങള്‍ക്കാവശ്യം. കേരള കോണ്‍ഗ്രസ് എം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതും ഇക്കാര്യമാണ്.ജനകീയ വിഷയങ്ങളില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എ നിലപാടുകള്‍ സുവ്യക്തമാണെന്നും അതിനെ വക്രീകരിച്ച് ചിത്രീകരിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ജില്ലയില്‍ വോട്ട് വിഹിതത്തിനര്‍ഹമായ സീറ്റുകളില്‍ മത്സരിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതായി യോഗം വിലയിരുത്തി.

ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോബ് മൈക്കിള്‍ എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ്, വി.ടി ജോസഫ്, വിജി എം.തോമസ്, ജോസ് ടോം, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ, ജോസഫ് ചാമക്കാല,  മാത്തുക്കുട്ടി കുഴിഞ്ഞാലി, ജോജി കുറുത്തിയാടന്‍, ജോസ് ഇടവഴിക്കന്‍, എ.എം മാത്യു, ടോബിന്‍ അലക്‌സ്, തോമസ് ടി. കീപ്പുറം, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സോണി തെക്കേല്‍, ബിജു ചക്കാല, ഡി. പ്രസാദ്, ഡാനി തോമസ്, രാമചന്ദ്രന്‍ അള്ളുപുറം, ഡിനു ചാക്കോ, അമല്‍ ചാമക്കാല, പൗലോസ് കടുംമ്പക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

  • Share This Article
Drisya TV | Malayalam News