Drisya TV | Malayalam News

അച്ചടക്ക ലംഘനത്തിന് നോട്ടിസ്; പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു 

 Web Desk    10 Jul 2025

ഹരിയാനയിലെ ഹിസാറിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു. ഹിസാർ കർതാർ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. സ്കൂളിന്റെ നിയമാവലികളും അച്ചടക്കവും പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് ഹൻസി പൊലീസ് സൂപ്രണ്ട് അമിത് യഷ് വർധനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ‘സ്കൂളിൽ ഷർട്ട് ടക്ക് ഇൻ ചെയ്യണമെന്നും മുടിവെട്ടണമെന്നും ആവശ്യപ്പെടുകയും അച്ചടക്കലംഘനത്തിന് പ്രിൻസിപ്പൽ വിദ്യാർഥികൾക്ക് നോട്ടിസ് നൽകുകയും ചെയ്തിരുന്നു. വ്യക്തിപരമായ വൈരാഗ്യം ഇവർക്കിടയിൽ ഉണ്ടായിരുന്നോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ’–യഷ്‌വർധൻ പറഞ്ഞു.

15 വയസ്സുള്ള രണ്ടു വിദ്യാർഥികളാണ് ജഗ്ബീറിനെ ആക്രമിച്ചത്. അഞ്ചിടത്ത് കുത്തേറ്റ ജഗ്ബീറിനെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും മടക്കാനാകുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളായ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ ഭീഷണി സന്ദേശങ്ങളും പങ്കുവച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിദ്യാർഥികൾ ഏതെങ്കിലും ക്രിമിനൽ സംഘങ്ങളുടെ സ്വാധീനത്തെ തുടർന്നാകാം കൊലപാതകം നടത്തിയതെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News