ജപ്പാന്റെ എൻജിനീയറിങ് അദ്ഭുതമെന്നു വിശേഷിപ്പിക്കപ്പെടുന്ന കൻസായ് രാജ്യാന്തര വിമാനത്താവളം കടലിൽ മുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഇതു നിർമിച്ചിരിക്കുന്നത് ഒസാക്ക ബേയിൽ രണ്ടു മനുഷ്യനിർമിത ദ്വീപുകളിലാണ്. ഈ ഭാഗത്ത് കടലിന്റെ അടിത്തട്ടിൽ വളരെ മൃദുവായ കളിമണ്ണും എക്കൽ മണ്ണുമാണ്. വിമാനത്താവളത്തിന്റെ ഭാരം മൂലം ഈ അടിത്തട്ട് താഴേക്ക് അമർന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ഇതൊരു പുതിയ പ്രതിഭാസമല്ലെന്നും വിമാനത്താവളം നിർമിച്ചതു മുതൽ ഈ പ്രശ്നം നിലവിലുണ്ടെന്നും റിപ്പോർട്ടുണ്ട്. 1980 ൽ നിർമാണം ആരംഭിച്ച വിമാനത്താവളം 1994 ലാണ് തുറന്നുകൊടുത്തത്.
ഈ കൃത്രിമ ദ്വീപുകൾ നിലവിൽ 3.84 മീറ്റർ താഴ്ന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ പ്രശ്നം എൻജിനീയർമാർ പ്രതീക്ഷിച്ചിരുന്നെങ്കിലും കരുതിയതിലും വേഗത്തിലാണ് ദ്വീപ് കടലിൽ താഴുന്നതെന്നാണ് സൂചന. 50 വർഷം കൊണ്ട് ഏകദേശം 13 അടി താഴുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും ഉദ്ഘാടനം ചെയ്ത് എട്ടു വർഷത്തിനുള്ളിൽ 12 മീറ്ററോളം താഴ്ന്നിരുന്നു.
സമുദ്രനിരപ്പ് ഉയരുന്നതും കൊടുങ്കാറ്റ് അടക്കമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളും വിമാനത്താവളത്തിനു ഭീഷണിയാകുന്നുണ്ട്. 2018 ലെ ജെബി ചുഴലിക്കാറ്റിൽ വിമാനത്താവളത്തിൽ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു.അതേസമയം, ദ്വീപ് താഴുന്നതിന്റെ വേഗം കുറയ്ക്കാനും വിമാനത്താവളത്തിന്റെ ഘടനാപരമായ സ്ഥിരത ഉറപ്പാക്കാനും ജപ്പാൻ സർക്കാർ നടപടികളെടുക്കുന്നുണ്ടെങ്കിലും അതു പൂർണമായും വിജയിച്ചിട്ടില്ല.