ഇന്ത്യയിൽ വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്രവാഹനങ്ങൾക്കും 2026 ജനുവരി ഒന്നുമുതൽ എബിഎസ് ( ആൻ്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) നിർബന്ധമാക്കിയിരിക്കുകയാണ്.റോഡപകടങ്ങളും മരണങ്ങളും കുറച്ച് സുരക്ഷ വർധിപ്പിക്കാനാണ് പുതിയ നീക്കമെന്ന് റോഡ്‌ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു.നിലവിൽ 125 സിസി കൂടുതൽ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് എബിഎസ് നിർബന്ധം.
ഏകദേശം 40 ശതമാനം ഇരുചക്രവാഹനങ്ങൾക്കും ഈ സുരക്ഷാഫീച്ചർ സജ്ജീകരിച്ചിട്ടില്ല.യാത്രക്കാരൻ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ബലമായി ബ്രേക്ക് ഇടുമ്പോഴോ ടയറുകൾ ലോക്ക് ചെയ്യപ്പെടുന്നത് തടയാൻ എബിഎസ് സഹായിക്കും. ഓടിക്കുന്ന വ്യക്തിക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിർത്താനും തെന്നിമാറുന്നതും അപകടം സംഭവിക്കുന്നതും തടയാൻ ഇത് സഹായിക്കും.
അപകടം സംഭവിക്കുന്നത് എബിഎസ് കുറയ്ക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ എബിഎസിന് പുറമെ പുതിയ ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ ബിഐഎസ് സർട്ടിഫൈഡ് ചെയ്ത രണ്ട് ഹെൽമറ്റുകളും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ ഒരു ഹെൽമറ്റ് മാത്രമേ ആവശ്യമുള്ളു. രണ്ട് ഹെൽമറ്റ് നിർബന്ധമാക്കുന്നതിലൂടെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന രണ്ടുപേരുടെ സുരക്ഷയും ഉറപ്പാക്കാൻ സാധിക്കും.റോഡ് സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് പുതിയ മാറ്റങ്ങൾ. ഇന്ത്യയിലെ റോഡ് അപകടങ്ങളിൽ മരിക്കുന്നവരിൽ 44 ശതമാനവും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്. ഇതിൽ ഭൂരിഭാഗം ആളുകളും മരിക്കുന്നത് തലക്കേൽക്കുന്ന ആഘാതം മൂലമാണ്. ഹെൽമറ്റ് ധരിക്കുന്നില്ല എന്നാണ് കണ്ടെത്തൽ. ഈ നിയമങ്ങളെക്കുറിച്ച് ഗതാഗതവകുപ്പ് ഉടൻ തന്നെ ഉത്തരവ് പുറപ്പെടുവിക്കും.