വിവാദങ്ങൾക്കൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളെത്തി. മുടങ്ങിയ ശസ്ത്രക്രിയകൾ പുനഃരാരംഭിച്ചതായാണ് വിവരം. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ ഹൈദരാബാദിൽനിന്ന് വിമാനമാർഗം രാവിലെയോടെ എത്തിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പിൽ പരാതിയുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നു. പാവപ്പെട്ട രോഗികൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന താൻ ജോലിരാജിവെയ്ക്കുന്ന കാര്യം ആലോചിക്കുന്നതായും ഡോക്ടർ കുറിപ്പിൽ പറഞ്ഞിരുന്നു.
എന്നാൽ, ഡോ. ഹാരിസിന്റെ ആരോപണം ആരോഗ്യവകുപ്പ് അധികൃതർ തള്ളിയിരുന്നു. പിന്നാലെ തനിക്ക് ചുറ്റും പരിമിതികളാണെന്ന് വ്യക്തമാക്കി അദ്ദേഹം പോസ്റ്റ് പിൻവലിച്ചുവെങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ഇടപെട്ടത്.
തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ അധ്യക്ഷനായ നാലംഗ സമിതിയെയായിരുന്നു നിയോഗിച്ചത്. ഡോ. ഹാരിസ് സത്യസന്ധനാണെന്നും പ്രശ്നം സിസ്റ്റത്തിനായിരുന്നുവെന്നും സമഗ്രാന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കിയിരുന്നു.